Homepage Featured Kerala News

112 ൽ വിളി വന്നു; ആത്മഹത്യക്ക് ശ്രമിച്ചയാളുടെ ജീവൻ രക്ഷിച്ച് കേരള പോലീസ്

കൊച്ചി: എറണാകുളം കൊച്ചു കടവന്തറയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചയാളെ രക്ഷിച്ച് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായ സൗത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർ. കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് സ്ഥലത്തെത്തിയത്. കിടപ്പുമുറിയിൽ തൂങ്ങിക്കിടക്കുന്ന ഒരാളെയായിരുന്നു സംഭവസ്ഥലത്തെത്തിയ പോലീസ് കണ്ടത്. തുടർന്ന് പോലീസ് ഇയാളെ രക്ഷിക്കുകയായിരുന്നു.

കൊച്ചു കടവന്തറ സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്തുള്ള ആൾത്താമസമില്ലാത്ത വീട്ടിൽ വെളിച്ചം കാണുന്നുവെന്നും അവിടെ ആരോ കയറിയിട്ടുണ്ടെന്നുമായിരുന്നു പോലീസിന്റെ 112 എന്ന കോൾ സെന്റർ നമ്പറിൽ ബന്ധപ്പെട്ട് പ്രദേശവാസികൾ വിവരം നൽകിയത്. വിവരം ലഭിച്ചയുടൻ പോലീസ് ഉദ്യോ​ഗസ്ഥർ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തുകയായിരുന്നു.

പ്രദേശത്തെത്തിയ പോലീസുകാർ പരിസരവാസികളോട് കാര്യമന്വേഷിച്ചു ഇവിടെ താമസിച്ചിരുന്നവർ കുടുംബപ്രശ്നത്തെത്തുടർന്നാണ് വീട്ടിൽ താമസിക്കാത്തതെന്ന് വിവരം ലഭിച്ചു. എന്നാൽ വൈകുന്നേരം കുടുംബനാഥനെ പ്രദേശത്ത് കണ്ടതായി അറിഞ്ഞതോടെ പോലീസ് ഉടനെ മതിൽ ചാടി വീട്ടുവളപ്പിലേക്ക് പ്രവേശിക്കുകയായിരുന്നു.

വീടിന്റെ മുൻ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. തുടർന്ന് തുറന്നു കിടന്നിരുന്ന പിൻവാതിലിലൂടെ പോലീസ് അകത്തു കടന്നാണ് ജീവൻ രക്ഷിച്ചത്. തുണിയിലായിരുന്നു ഇയാൾ തൂങ്ങിയത്. ഉടൻ തന്നെ ഇയാളെ താങ്ങിപ്പിടിച്ച ശേഷം തുണി അറുത്തു മാറ്റി. പോലീസ് വാഹനത്തിൽ തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. കഴുത്തിൽ പ്രശ്നമുണ്ടാകാതിരിക്കാൻ ഫിലാഡാൽഫിയ കോളർ വേണമെന്ന് ഡോക്ടർമാർ അറിയിച്ചു. ഇത് എത്തിച്ചതും പോലീസ് തന്നെയായിരുന്നു. ബന്ധുക്കളെ വിവരമറിയിക്കുകയും അവരെത്തും വരെ പോലീസ് ആശുപത്രിയിൽ തുടരുകയും ചെയ്തു.

Related Posts