തിരുവനന്തപുരം: തിരുവനന്തപുരം കളയിക്കാവിളയിൽ ഡിജിപിയുടെ സർക്കുലർ ലംഘിച്ച് വീണ്ടും റീൽസ് ചിത്രീകരണം. പോലീസ് വനിതാ ബറ്റാലിയനിലെ എസ് ഐ ഉൾപ്പെടെയുള്ളവരാണ് റീൽസ് ചിത്രീകരിച്ചത്. പോലീസ് അസോസിയേഷൻ ഭാരവാഹികളും റീൽസിൽ ഉണ്ട്. ഡ്യൂട്ടിക്കിടെയായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ റീൽസ് ചിത്രീകരണമെന്നാണ് റിപ്പോർട്ടുകൾ.
പോലീസ് യൂണിഫോമിൽ റീൽസുകൾ ചിത്രീകരിക്കുന്നത് വിലക്കിയായിരുന്നു നേരത്തെ ഡി ജി പി സർക്കുലർ ഇറക്കിയിരുന്നത്. എല്ലാ പരിധിയും ലംഘിച്ച് പോലീസ് നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെയായിരുന്നു ഡി ജി പി സർക്കുലർ ഇറക്കിയത്. സോഷ്യൽ മീഡിയ ഉപയോഗത്തെ സംബന്ധിച്ചുള്ള നിബന്ധനകൾ പാലിക്കുമെന്ന് എഴുതി നൽകുകയും ചെയ്യണം എന്നും നിർദേശിച്ചിരുന്നു. ലംഘിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ സർക്കുലർ അനുസരിക്കാതെയാണ് പുതിയ വീഡിയോ സ്റ്റാറ്റസ് ആയി വാട്സാപ്പിലെത്തിയത്.
പൊതു സ്ഥാപനങ്ങളിൽ ജോലിക്കിടെ റീൽസുകൾ ചിത്രീകരിക്കുന്നത് ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിൽ കാലതാമസത്തിനു കാരണമാകുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. പോലീസിന്റെയോ സർക്കാർ ഉദ്യോഗസ്ഥരുടേയും കാര്യക്ഷമത കുറക്കുന്നതിനും ഇത് കാരണമായേക്കാം. എന്നാൽ ഉദ്യോഗസ്ഥരുടെ സമ്മർദ്ദം ലഘൂകരിക്കാനായി ഇത്തരം റീലുകൾ സഹായിച്ചേക്കാം എന്ന് കരുതുന്നവരും കുറവല്ല.
ഇതിനു മുൻപും ഇത്തരത്തിൽ റീലുകളുമായി പോലീസ് ഉദ്യാഗസ്ഥർ രംഗത്തെത്തിയിരുന്നു. ഭയത്തോടെ മാത്രം കണ്ടിരുന്ന പോലീസ് ഉദ്യോഗസ്ഥർ തമാശ നിറഞ്ഞ വീഡിയോകളിലൂടെ പ്രത്യക്ഷപ്പെട്ടത് നവ മാധ്യമങ്ങളിൽ കൗതുകമായിരുന്നു. കേരള പോലീസിന്റെ ഔദ്യോഗിക പേജും സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ ട്രോൾ വീഡിയോകൾ ഷെയർ ചെയ്യാറുണ്ടെങ്കിലും അത്തരം വീഡിയോകളിൽ സാധാരണയായി പോലീസ് ഉദ്യോഗസ്ഥർ പ്രത്യക്ഷപ്പെടാറില്ല.
















