ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ആദ്യ മത്സരമായ പാകിസ്ഥാനെതിരെയുള്ള കളിയിൽ നിർണായക ടോസ് ജയിച്ച ഇന്ത്യ. ടോസിൽ ഇന്ത്യ പാകിസ്ഥാനെതിരെ ഫീൽഡിംഗാണ് തെരഞ്ഞെടുത്തത്. ടോസ് നേടിയത് പാകിസ്ഥാനായിരുന്നെങ്കിൽ തങ്ങളും ഫീൽഡിംഗ് തെരഞ്ഞെടുക്കുമായിരുന്നു എന്ന് പാക് ടീം ക്യാപ്റ്റൻ സൽമാൻ ആഘ പറഞ്ഞു. ഒമാനെതിരെ അവസാന ഗ്രൂപ്പ് മത്സരം കളിച്ച ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യൻ ടീം ഇന്നിറങ്ങുന്നത്. പേസർ ഹർഷിത് റാണക്ക് പകരം പ്ലേയിംഗ് ഇലവനിൽ വരുൺ ചക്രവർത്തി തിരിച്ചെത്തുമ്പോൾ അർഷ്ദീപ് സിംഗിന് പകരം പേസർ ജസ്പ്രീത് ബുമ്രയും പ്ലേയിംഗ് ഇലവനിലെത്തി.
ഗ്രൂപ്പ് മത്സരത്തിൽ സംഭവിച്ചത് പോലെ ഇത്തവണയും ടോസ് ഇട്ടതിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് ക്യാപ്റ്റനായ സൽമാൻ ആഘയുമായി ഹസ്തദാനത്തിന് തയാറായില്ല. കഴിഞ്ഞ മത്സരത്തിലെ ടീമിൽ പാകിസ്ഥാനും ഇന്ന് രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. ഖുഷ്ദിൽ ഷാക്ക്, ഹസൻ നവാസ് എന്നിവർക്ക് പകരം ഹുസൈൻ തലാത്തും ഫഹീം അഷ്റഫുമാണ് പാകിസ്ഥാൻറെ പ്ലേയിംഗ് ഇലവനിലെത്തിയത്.
നേരത്തെ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനും കളിച്ച അതേ പിച്ചിൽ തന്നെയാണ് ഇന്നത്തെ മത്സരവും നടക്കുന്നത്. ശുഭ്മാൻ ഗില്ലും അഭിഷേക് ശർമയും തന്നെയാണ് ഓപ്പണർമാരാകുമ്പോൾ മലയാളി താരം സഞ്ജു വീണ്ടും ഫിനിഷറുടെ റോളിലേക്ക് മടങ്ങുകയാണ്. മൂന്നാം നമ്പറിൽ സൂര്യകുമാർ യാദവും പിന്നാലെ തിലക് വർമയുമാണ് എത്തുന്നത്. അഞ്ചാം നമ്പറിലാണ് സഞ്ജു ബാറ്റിംഗിനിറങ്ങുക. പിന്നാലെ ഹാർദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ എന്നുവരും എത്തും.
















