കൊച്ചി: ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിന്. 2023ലെ സമഗ്ര സംഭാവനക്കുള്ള ബഹുമതിയാണ് ലഭിച്ചിരിക്കുന്നത്. മോഹൻലാലിന്റേത് തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് എന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. 2025 സെപ്തംബർ 23ന് നടക്കാനിരിക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിലാണ് മോഹന്‍ലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം സമ്മാനിക്കുക.
‘മോഹൻലാലിൻ്റെ ശ്രദ്ധേയമായ സിനിമായാത്ര തലമുറകളെ പ്രചോദിപ്പിക്കുന്ന ഒന്നാണ്. നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ ഐതിഹാസിക സംഭാവനകൾക്ക് അദ്ദേഹം ആദരിക്കപ്പെടുകയാണ്. അദ്ദേഹത്തിൻ്റെ സമാനതകളില്ലാത്ത കഴിവും വൈദഗ്ധ്യവും നിരന്തരമായ കഠിനാധ്വാനവും ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിന് തന്നെ സുവർണ നേട്ടമാണ്’ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ വാര്‍ത്താ കുറുപ്പില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു കഴിഞ്ഞവർഷത്തെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത്. 2004ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഇതിന് മുമ്പ് ഫാൽക്കെ പുരസ്കാരം ലഭിച്ച മലയാളി. 1969ൽ കേന്ദ്രസർക്കാർ, ഇന്ത്യയുടെ പ്രഥമ സമ്പൂർണ ഫീച്ചർസിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകൻ ദാദാ സാഹേബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.
















