Cinema Entertainment Homepage Featured

തിയറ്ററുകളിലെത്തും മുൻപേ മികച്ച നേട്ടം കൈവരിച്ച് ‘ഹോംബൗണ്ട്’ ; ഇന്ത്യയുടെ ഔദ്യോ​ഗിക ഓസ്കർ എൻട്രി

തിയറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ ഇന്ത്യയുടെ ഔദ്യോ​ഗിക ഓസ്കാർ എൻട്രി നേട്ടം കൈവരിച്ചിരിക്കുകയാണ് ​ഹോംബൗണ്ട്.
നീരജ് ​ഗെയ്‌വാൻ സംവിധാനത്തിൽ ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഹോംബൗണ്ട്. 2026 ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി ആയാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ യുവാക്കൾ നേരിടുന്ന ജാതി-മത വിവേചനങ്ങളുടെ കഥ പറയുകയാണ് ഹോംബൗണ്ട്.

‘ടേക്കിങ് അമൃത് ഹോം’ എന്ന പേരിൽ ദ് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്ന് പ്രചോദം ഉൾക്കൊണ്ടാണ് സിനിമ ഒരുക്കിയത്.
ചന്ദൻ കുമാർ, മുഹമ്മദ് ഷുഹൈബ് അലി എന്നീ പ്രധാനകഥാപാത്രങ്ങളെയാണ് ഇഷാൻ ഖട്ടറും വിശാൽ ജെത്വയും അവതരിപ്പിച്ചിരിക്കുന്നത്. സാമൂഹിക മതിലുകൾ മറികടന്ന് ജീവിതം സ്വന്തമാക്കാൻ വേണ്ടി പൊലീസ് ഫോഴ്സിൽ പ്രവേശിക്കുന്നത് സ്വപ്നം കാണുകയാണ് സുഹൃത്തുക്കളായ ചന്ദൻ കുമാറും മുഹമ്മദ് ഷുഹൈബും. അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന യുവതിയായാണ് ജാൻവി കപൂർ എത്തുന്നത്.

2025 കാൻസ് ചലച്ചിത്രമേളയിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. തുടർന്ന് ടൊറന്റോ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിക്കപ്പെട്ടിരുന്നു. സാമൂഹിക യാഥാർഥ്യങ്ങളെയും മനുഷ്യബന്ധങ്ങളെയും വരച്ചുകാണിക്കുന്ന ചിത്രം ഫെസ്റ്റിവലുകളിൽ ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. അന്താരാഷ്ട്ര പീപ്പിൾ ചോയ്സ് അവാർഡിൽ ഹോംബൗണ്ട് സെക്കൻഡ് റണ്ണറപ്പും ആയിരുന്നു. 2015ൽ ഒരുപോലെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസകൾ നേടിയ ‘മാസാൻ’ എന്ന ചിത്രത്തിന് ശേഷം നീരജ് ഗായ്‌വാൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഹോംബൗണ്ട്.

24 ചിത്രങ്ങളുമായി മത്സരിച്ചാണ് ഹോംബൗണ്ട് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട. മലയാളിയായ രാജീവ് അഞ്ചൽ ഉൾപ്പെടെ 14 പേരടങ്ങിയ സെലക്ഷൻ കമ്മിറ്റിയിൽ ദി ബംഗാൾ ഫയൽസ്, പുഷ്പ 2, കേസരി ചാപ്റ്റർ 2, കണ്ണപ്പ, കുബേര, ഫുലെ തുടങ്ങി ബോക്സ് ഓഫീസിൽ വൻ വിജയങ്ങൾ നേടിയ ചിത്രങ്ങളടക്കം എത്തിയിരുന്നു. ധർമ്മ പ്രൊഡക്ഷൻ നിർമ്മിച്ച ചിത്രം സെപ്റ്റംബർ 26ന് തിയറ്ററുകളിൽ എത്തും.

Related Posts