Homepage Featured India News

ഇന്ത്യൻ സൈന്യത്തിന്റെ കൺവെട്ടത്ത് നിന്ന് ഓടിയോളിച്ച് പാക് തീവ്രവാദ സംഘടനകൾ; ജെയ്ഷ് ഇ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ കേന്ദ്രങ്ങൾ മാറ്റുന്നു

ന്യൂഡൽഹി: ഓപ്പറേഷൻ സിന്തൂറിന് ശേഷം ജെയ്ഷ് ഇ മുഹമ്മദിന്റെയും ഹിസ്ബുൾ മുജാഹിദിന്റെയും കേന്ദ്രങ്ങൾ പാക് അധീന കാശ്മീരിൽ (പിഒകെ) നിന്നും മാറ്റുന്നതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺ ഖ്വാ (കെപികെ)യിലേക്ക് മാറ്റുന്നതായാണ് റിപ്പോർട്ട്. ഇന്ത്യൻ ആക്രമണം ഭയന്നാണ് കേന്ദ്രങ്ങൾ മാറ്റുന്നത് എന്നാണ് സൂചന. കെപികെ എന്നത് കൂടുതൽ പരുക്കൻ പ്രദേശമാണെന്നും വിവരമുണ്ട്.

ഓപ്പറേഷൻ സിന്തൂറിന്റെ ഭാഗമായി ജെയ്ഷ് ഇ മുഹമ്മദിന്റെയും ഹിസ്ബുൾ മുജാഹിദിന്റെയും 9 കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു. ഇതുകൂടി കണക്കിലെടുത്ത് ഇന്ത്യൻ സൈന്യത്തിന് എത്തിപ്പെടാൻ പ്രയാസമുള്ള പരുക്കൻ മേഖലയിലേക്ക് മാറുകയാണ് ഈ സംഘടനകൾ. ഈ മാറ്റമുണ്ടായാൽ ഇന്ത്യയ്ക്ക് പ്രതിരോധിക്കാൻ കൂടുതൽ പ്രയത്നിക്കേണ്ടി വരുമെന്നാണ് കരുതുന്നത്.

ഇതുമായി ബന്ധപ്പെട്ട് കെപികെ ഹസസേര ഡിവിഷനിലെ മൻസേര സിറ്റിയിൽ ക്യാമ്പുകൾ നിർമിക്കുന്ന ദൃശ്യങ്ങൾ ചില ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. ഒരു വലിയ അസ്സംബ്ലി ഹാളിന്റെ മേൽക്കൂര നിർമ്മിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പാക്കിസ്ഥാൻ അധികാരികളുടെ സഹായത്തോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഇന്ത്യയുടെ ഇന്റലിജെൻസ് ഏജൻസി പറഞ്ഞു. രാഷ്ട്രീയ മത സംഘടനയായ ജമിയത് ഉലെമ ഇ ഇസ്ലാമിന്റെയും (ജെ യു ഐ) പോലീസിന്റെയും പിന്തുണ നിർമാണ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നതിനും തെളിവുകളുണ്ട്.

കെപികെ ഈ സംഘടനകൾക്ക് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം നൽകും എന്നതിനു പുറമേ ഇത് മുമ്പ് തന്നെ തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ സ്ഥിതി ചെയ്യുന്ന സ്ഥലവുമാണ്. കെ പി കെ അഫ്ഘാൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണെന്നതും ശ്രദ്ധേയമാണ്.

ഇന്റലിജെൻസ് റിപ്പോർട്ടുകൾ പ്രകാരം ജെയ്ഷ് ഇ മുഹമ്മദിന്റെയും ജെ യു ഐ യുടേയും സംയുക്ത പരിപാടി കെ പി കെ യിലെ മൻസേര ജില്ലയിൽ നടന്നിരുന്നു. ഇത് ഇന്ത്യ പാക്കിസ്ഥാൻ ക്രിക്കറ്റ് മാച്ച് ആരംഭിച്ച 2025 സെപ്റ്റംബർ 14 നായിരുന്നു. ജെയ്ഷ് ഇ മുഹമ്മദിന്റെ കെ പി കെ ചീഫ് മുഫ്തി മസൂദ് ഇല്യാസ് കശ്മീരി അല്യാസ് അബു മുഹമ്മദ് പരിപാടിയിൽ പങ്ഖെടുത്തത്. മസൂദ് അസറുമായി അടുത്ത ബന്ധമുള്ള വ്യക്തിയണ് ഇയാൾ.

ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോയിൽ മുഫ്തി മസൂദ് ഒസാമ ബിൻ ലാദനെക്കുറിച്ചും മസൂദ് അസറിനെക്കുറിച്ചും സംസാരിക്കുന്നതായി കാണാം. ഈ വീഡിയോയിൽ എം 4 റൈഫിളുമായി നിൽക്കുന്നവരേയും ലോക്കൽ പോലീസ് ഉദ്യോ​​ഗസ്ഥരെയും കാണാം. ഹിസ്ബുൾ മുജാഹിദിന്റെ കെ പി കെ യിലെ പുതിയ പരിശീലന കേന്ദ്രത്തിന് എച്ച് എം 313 എന്നാണ് പേരിട്ടിരിക്കുന്നത്. മുൻ പാക്കിസ്ഥാൻ കമാൻഡോ ഖാലിദ് ഖാനാണ് ഇതിന്റെ മേൽനോട്ട ചുമതല.

ഓപ്പറേഷൻ സിന്തൂരിൽ ഇന്ത്യൻ സൈന്യം വധിച്ച യൂസഫ് അസറിനെ ( മസൂദ് അസറിന്റെ സഹോദരൻ ) അനുസ്മരിക്കാനും ജെയ്ഷ് ഇ മുഹമ്മദിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനുമായി 2025 സെപ്റ്റംബർ 25 ന് പെഷവാറിലെ മർക്കസ് ഷഹീദ് മക്സുദാബാദിൽ വലിയ പരിപാടികളും ഇവർ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

Related Posts