തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ലൈംഗിക ചൂഷണ ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസിൽ ഉടലെടുത്തിരിക്കുന്ന പ്രശ്നങ്ങൾ പുതിയ തലത്തിലേക്ക്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നേരെയുള്ള സൈബർ അക്രമണങ്ങളുടെകൂടെ പശ്ചാത്തലത്തിൽ കടുത്ത നടപടിയിലേക്ക് കടന്നിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഇതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ ടീം പിരിച്ചുവിട്ടു. ദേശീയ ചെയർമാൻ സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ പുതിയ കമ്മിറ്റിയെ നിയമിക്കാനാണ് തീരുമാനം.
യൂത്ത് കോൺഗ്രസ്സിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് പുറമെ യൂട്യൂബ് ചാനലും കൈകാര്യം ചെയ്തിരുന്നത് 12 പേരടങ്ങിയ കമ്മിറ്റിയാണ്. ഇതിൽ ഭൂരിപക്ഷവും രാഹുൽ മാങ്കൂട്ടത്തിലിനോട് അനുകൂല നിലപാടുള്ളവരായിരുന്നുവെന്നാണ് ദേശിയ നേതൃത്വത്തിന്റെ വിലയിരുത്തൽ. രാഹുൽ അനുകൂല പോസ്റ്റുകൾ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും പോസ്റ്റ് ചെയ്യുന്നത് ഇവരിൽ പലരുമാണ് എന്ന കണ്ടെത്തിയതിന്റെകൂടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ അച്ചടക്ക നടപടിയിലേക്ക് നേതൃത്വം പോയിരിക്കുന്നത്.
ഇവർ തന്നെയാണ് പ്രതിപക്ഷ നേതാവിന് എതിരായ സൈബർ ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും ദേശീയ നേതൃത്വത്തിനു വിവരം ലഭിച്ചിരുന്നു. വി.ഡി. സതീശനെതിരായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവരാണെന്ന് ആരോപണം നേരത്തെ തന്നെ ശക്തമായിരുന്നു. രാഹുലിനെതിരെ ആരോപണം വന്നതിന് ശേഷം ശക്തമായ നിലപാടായിരുന്നു രാഹുലിനെതിരെ സതീശനെടുത്തിരുന്നത്. സൈബർ അക്രമണങ്ങൾക്കെതിരെയും ശക്തമായി സതീശൻ പ്രതികരിച്ചിരുന്നു. ഇതോടെ പ്രതിപക്ഷ നേതാവിനെതിരെ അക്രമണങ്ങളും പരിഹാസങ്ങളും വ്യാപകമായി.
തനിക്കു നേരെയുള്ള കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നുള്ള സൈബര്‍ ആക്രമണത്തിനെതിരെ സതീശന് പാർട്ടി നേതൃത്വത്തിനു പരാതി നൽകിയിരുന്നു. തന്നെ ഒറ്റതിരിഞ്ഞും വ്യക്തിപരമായും ആക്രമിക്കുന്നുവെന്നും സൈബര്‍ ആക്രമണത്തില്‍ കെപിസിസി സൈബര്‍ സെല്ലിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും ആയിരുന്നു സതീശന്റെ ആരോപണം. 25 വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളും നേതൃത്വത്തിനു മുൻപാകെ സതീശൻ കൈമാറിയിരുന്നു. നേരത്തെ കോൺഗ്രസ് കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലും പുനഃരൂപീകരിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു.
















