വയനാട്: വയനാട്ടിലെ കോൺഗ്രസ് ഭിന്നതിയിൽ ഇടപെട്ട് ഹൈക്കമാന്റ്. നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ അടിയന്തരമായി തീർക്കാൻ കെ.സി വേണുഗോപാൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആത്മഹത്യ ചെയ്ത ഡി.സി.സി മുൻ ട്രഷറർ എൻ.എം വിജയന്റെ കടം എത്രയും വേഗം തീർക്കുമെന്നും കെ.പി.സി.സി അധ്യക്ഷൻ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വയനാട്ടിലെ പാളയത്തിൽ പടയെ നേരിടാൻ കോൺഗ്രസ് ഒരുങ്ങുന്നത്.
വയനാട് ഭിന്നത കോൺഗ്രസ് നേതൃത്വത്തിനാകെ തലവേദനായായി മാറിയിരിക്കെയാണ് ഇന്ന് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയും വയനാട് എം.പിയായ പ്രിയങ്കാ ഗാന്ധിയും സന്ദർശനം നടത്തിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ കെ.സി വേണുഗോപാൽ വിളിച്ച അടിയന്തര യോഗത്തിൽ ബ്ലോക്ക് കമ്മിറ്റി മുതൽ മണ്ഡലം കമ്മിറ്റി വരെയുള്ള എല്ലാ നേതാക്കളും പങ്കെടുത്തു. നേതാക്കന്മാർക്ക് കൃത്യമായ മുന്നറിയിപ്പ് നൽകി പരസ്യമായി ശാസിക്കുകയും ചെയ്തു.
ആരെല്ലാമാണ് പ്രശ്നക്കാരെന്ന് പാർട്ടിക്ക് കൃത്യമായി അറിയാമെന്ന് കെ.സി വേണുഗോപാൽ നേതാക്കളെ വിമർശിച്ചത്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഹൈക്കമാന്റ് നേരിട്ട് ഇടപെടുമെന്നും മുന്നറിയിപ്പ് നൽകി. എൻ.ഡി അപ്പച്ചന്റേയും ഐ.സി ബാലകൃഷ്ണന്റേയും പേര് എടുത്ത് പറഞ്ഞായിരുന്നു കെ.സി വേണുഗോപാലിന്റെ വിമർശനം. ഗാന്ധി കുടുംബത്തെ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ പ്രശ്നങ്ങൾ കേന്ദ്ര തലത്തിൽ തന്നെ ചർച്ചയായകുമെന്നാണ് പാർട്ടി കരുതുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും ബി.ജെ.പി ആയുധമാക്കുക വയനാട് കോൺഗ്രസിലെ കയ്യാങ്കളിയും ഗ്രൂപ്പ് പോരുമാകുമെന്ന വിലയിരുത്തലുമുണ്ട്. ഡി.സി.സി യോഗത്തിന് ശേഷം പ്രധാന നേതാക്കളുമായി ചർച്ച നടത്താനാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്.
















