കണ്ണൂർ: ആഗോള അയ്യപ്പ സംഗമം വിജയിപ്പിക്കുന്നതിന് പ്രാതിനിധ്യം കൂട്ടാൻ ജീവനക്കാരെ പങ്കെടുപ്പിക്കാനുള്ള മലബാർ ദേവസ്വത്തിന്റെ നീക്കത്തിന് തിരിച്ചടി. തിരുവിതാംകൂർ ദേവസ്വം സംഘടിപ്പിക്കുന്ന പരിപാടിയിൽ ആളെ കൂട്ടാൻ വേണ്ടിയാണ് മലബാർ ദേവസ്വത്തിലെ ജീവനക്കാരെ എത്തിക്കാൻ നീക്കം നടത്തിയത്. വഴി ചിലവും ഭക്ഷണവും ഉൾപ്പടെ ദേവസ്വം ഫണ്ടിൽ നിന്ന് വിനിയോഗിക്കാനും മലബാർ ദേവസ്വം തീരുമാനമെടുത്തിരുന്നു.
എന്നാൽ ഈ നീക്കത്തിന് എതിരെ ഹർജി പോയതോടെ ദേവസ്വം നീക്കത്തിന് തിരിച്ചടി നേരിടുകയാണ്. അതാത് ക്ഷേത്രങ്ങളുടെ തനത് ഫണ്ടിൽ നിന്ന് തുക വിനിയോഗിച്ച് സംഗമത്തിൽ പങ്കെടുക്കാമെന്നായിരുന്നു ദേവസ്വം ഉത്തരവ്. പമ്പയിലെ സംഗമത്തിന് മറ്റ് ദേവസ്വങ്ങളുടെ ഫണ്ട് ഉപയോഗിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പും നൽകിയിട്ടുണ്ട്. ഈ ഉറപ്പ് ലംഘിച്ചാണ് മലബാർ ദേവസ്വത്തിന്റെ നീക്കം എത്തിയത്.
വിവാദ നടപടി മാധ്യമങ്ങൾ വാർത്തയാക്കിയതോടെ ഹൈക്കോടതി ഇടപെട്ട് ഉത്തരവിന് സ്റ്റേ നൽകി. ഉത്തരവിറക്കിയതിന്റെ സാഹചര്യം വിശദീകരിക്കാനും മലബാർ ദേവസ്വത്തോട് ഹൈക്കോടതി നിർദേശിച്ചു. അതേസമയം അയ്യപ്പ സംഗമത്തിൽ നാളെ പ്രധാനവേദിയടക്കം മൂന്ന് സെക്ഷനുകളായി തിരിഞ്ഞ് ചർച്ചകൾ നടക്കും. ശബരിമല വിമാനത്താവളം, മാസ്റ്റർ പ്ലാൻ എന്നിവയും ചർച്ചയാകും. ശബരി റെയിൽ പുരോഗമനവും ചർച്ചയിൽ വന്നേക്കും. കോർപ്പറേറ്റുകൾ മുന്നോട്ട് വച്ച മാസ്റ്റർ പ്ലാനുകളും പുതിയ കോർപറേറ്റുകൾ മുന്നോട്ടുവച്ച മാസ്റ്റർ പ്ലാനുകളും ചർച്ചയിൽ അവതരിപ്പിക്കും. തീർത്ഥാടന ടൂറിസമാണ് രണ്ടാം സെക്ഷനിലെ ചർച്ച. കെ.എസ്.ആർ.ടിസിയുമായി ചേർന്നുള്ള തീർത്ഥാടക സർക്യൂട്ടും സർക്കാർ ചർച്ചയിൽ കൊണ്ടുവരും.
















