തിരുവനന്തപുരം: അടുത്ത കാലത്ത് കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ ആശങ്കയായി തുടരുകയാണ് അമീബിക് മസ്തിഷ്കജ്വരം. ഇതുവരെ 67 കേസുകളും 18 മരണവുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ ആളുകൾ രോഗബാധിതരായി ചികിത്സയിലും കഴിയുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ പ്രതിഷേധങ്ങളിൽ പൊലീസ് ഉപയോഗിക്കുന്ന ജലപീരങ്കിയിലും ആശങ്ക ഉയരുന്നത്. ജലപീരങ്കികളിൽ ഉപയോഗിക്കുന്ന വെള്ളത്തിലൂടെ രോഗബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടി കാട്ടുന്നു.
മാത്രമല്ല ശക്തമായി വെള്ളം ചീറ്റുമ്പോൾ, അത് മൂക്കിൽകൂടി കയറാനുള്ള സാധ്യതയും കൂടുതലാണ്. അമീബിക് മസ്തിഷ്കജ്വരത്തിന്റെ പശ്ചാത്തലത്തിൽ കുളിക്കുമ്പോൾ പോലും മൂക്കിനുള്ളിലേക്കു വെള്ളം പോകാതെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. ഇവിടെ പൊലീസ് ജലപീരങ്കിയിലെ വെള്ളം ശുദ്ധികരിക്കാത്തതാണെങ്കിൽ രോഗബധയ്ക്കുള്ള സാധ്യത വർധിക്കുന്നു. സാധാരണയായി പൊലീസ് ക്യാംപുകളിലെ കുളങ്ങളിൽ നിന്നും കിണറുകളിൽ നിന്നുമാണു ജലപീരങ്കിയിലേക്കു സാധാരണ വെള്ളം നിറയ്ക്കുക.
കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്ന സമരങ്ങളിലെല്ലാം ജലപീരങ്കി ഒരു പ്രധാന പ്രതിരോധ മാർഗമായി പൊലീസ് ഉപയോഗിച്ചുവരുന്ന ഒന്നാണ്. ലാത്തിച്ചാർജ് ഒഴിവാക്കാനും ആദ്യം ജലപീരങ്കിയാണു പ്രയോഗിക്കുക. സമരക്കാർ പരസ്പരം കെട്ടിപ്പിടിച്ചു നിന്ന് ഇതിനെ നേരിടുന്നതും സ്ഥിരം കാഴ്ചയാണ്. ഈ സമയത്തെല്ലാം മൂക്കിലൂടെ വെള്ളം കയറാൻ സാധ്യതയുണ്ട്. സമരം നിയന്ത്രിക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥരും ജലപീരങ്കി പ്രയോഗത്തിനിടെ നനയുന്നതു പതിവാണ്. ഇതാണ് പുതിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ ഇരുപത്തിയൊമ്പതുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം രോഗം സ്ഥിരീകരിച്ച 19 രോഗികളിൽ ഏഴുപേരും മരിച്ചു. നിലവിൽ പതിനഞ്ചിലേറെ രോഗികളാണ് കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ചികിത്സയിലുള്ളത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല.
















