തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ചയും വ്യാഴാഴ്ചയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലും യെല്ലോ അലർട്ടാണ്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തൃശ്ശൂർ കൊല്ലം ആലപ്പുഴ ജില്ലകളുടെ ഭാഗങ്ങളിൽ ഇപ്പോൾ തന്നെ ഇടത്തരം/ശക്തമായ മഴ ലഭിച്ച് തുടങ്ങിയിട്ടുണ്ട്. എറണാകുളം ജില്ലയുടെ തീരദേശ ഭാഗങ്ങളിലും നിലവിൽ മഴ ലഭിച്ച് തുടങ്ങിയിട്ട് ഉണ്ടാകണം. കടലിൽ മേഘ രൂപീകരണം ശക്തമാണ്, എന്നാൽ പടിഞ്ഞാറൻ കാറ്റ് നിലവിൽ കൂടുതൽ ശക്തിപ്പെട്ടിട്ടില്ല. എന്നാൽ വരും മണിക്കൂറുകളിൽ കാറ്റ് കൂടുതൽ ശക്തമാകുന്ന മുറയ്ക്ക് മേൽപ്പറഞ്ഞ ജില്ലകളുടെ കൂടുതൽ പ്രദേശങ്ങളിലും കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളുടെ ഭാഗങ്ങളിലും മഴ ലഭിക്കാൻ സാധ്യത.
ജാഗ്രതാനിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
















