എഴുപത്തിയഞ്ചാം ജന്മദിനത്തിൽ 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിറന്നാൾ ദിനത്തിൽ മധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ. നേതാക്കള്‍ക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത മോദി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി മാതൃവന്ദന യോജനയുടെ ഭാഗമായി പത്ത് ലക്ഷം രൂപ വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുന്ന പദ്ധതി, ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യം സംബന്ധിച്ച ബോധവത്കരണത്തിനായുള്ള സുമൻ ശക്തി എന്നീ പദ്ധതികളും മോദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയ സൈനികരെ മോദി പുകഴ്ത്തി.
ഓപ്പറേഷൻ സിന്ദൂറിൽ ജയ്ഷേ മുഹമ്മദ് ഭീകരന്റെ വീട് തകർത്തതും പരാമർശിച്ച മോദി ഭീകര സംഘം തന്നെ ഇന്ത്യൻ സൈന്യത്തിന്റെ നടപടി സ്ഥിരീകരിച്ചുവെന്നും പറഞ്ഞു. ആണവായുധം ഉയർത്തിയുള്ള ഭീഷണി വിലപ്പോയില്ല, രാജ്യം ഭയന്നില്ലെന്നും മോദി പറഞ്ഞു. അതേസമയം, വിവിധ ലോകനേതാക്കളും രാഹുൽ ഗാന്ധിയടക്കം രാഷ്ട്രീയ നേതാക്കളും പ്രധാനമന്ത്രിക്ക് ആശംസ നേർന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രിയ സുഹൃത്ത് നരേന്ദ്ര എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ ആശംസ. മോദി ഇന്ത്യക്കായി പല നേട്ടങ്ങളും കൈവരിച്ചുവെന്നും ഇന്ത്യയും ഇസ്രായേൽ സൗഹൃദത്തിലും ഒരുപാട് മുന്നോട്ട് പോയിയെന്നും നെതന്യാഹു പുകഴ്ത്തി. വൈകാതെ നേരിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു വീഡിയോ സന്ദേശത്തിലുടെ അറിയിച്ചു. നിരവധി ലോക നേതാക്കളാണ് മോദിക്ക് ആശംസ അറിയിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് വിളിച്ചാണ് നരേന്ദ്ര മോദിയെ ജന്മദിനത്തിൽ ആശംസ അറിയിച്ചത്. യഥാർഥ നേതൃത്വമെന്നാൽ മോദിയെന്ന് അമിത് ഷാ പ്രശംസിച്ചു. അതിന് മൈ ഫ്രണ്ട് എന്ന് പറഞ്ഞ് മോദി മറുപടിയും നൽകി.
പിറന്നാൾ ദിനത്തിൽ മോദിയ്ക്ക് നിരവധി സമ്മാനങ്ങളാണ് ലഭിച്ചത്. അയോധ്യ രാമക്ഷേത്ര മാതൃകയും കശ്മീരി പശ്മിന ഷാളും തുടങ്ങി കിട്ടിയ സമ്മാനങ്ങൾക്ക് കണക്കില്ല. ഏകദേശം 1300നടുത്ത് സമ്മാനങ്ങൾ ലഭിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ സമ്മാനങ്ങളിലധികം ഇന്ന് മണ്ഡലത്തിൽ ലേലം ചെയ്യും. ലേലം ഒക്ടോബർ രണ്ട് വരെ നീണ്ട് നിൽക്കും. സമ്മാനങ്ങളിൽ ഏറ്റവും വിലപിടിപ്പുള്ളതെന്ന് കരുതുന്നത് ഒരു കോടി മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ഭവാനി ദേവിയുടെ പ്രതിമയാണ്. അയോധ്യ ക്ഷേത്രമാതൃകയ്ക്ക് അഞ്ചരലക്ഷം രൂപ വിലമതിക്കുന്നതായാണ് വിലയിരുത്തൽ.
സാംസ്കാരിക ടൂറിസം മന്ത്രി ഗജേന്ദ്രസിങ് ശേഖാവത്ത് നാഷൻൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ വെച്ച് സമ്മാനങ്ങളുടെ ലേലം ഉത്ഘാടനം ചെയ്തു. സമ്മാനങ്ങൾ നിലവിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചു. പ്രധാനമന്ത്രിയ്ക് ലഭിക്കുന്ന ഉപഹാരങ്ങൾ ലേലം ചെയ്തത് വഴി കഴിഞ്ഞ ആറ് വർഷത്തിനിടെ അൻപത് കോടിയിൽ പരം രൂപ സമാഹരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ലേലത്തുക ഗംഗാനദി സംരക്ഷണത്തിനായുള്ള നമാമി ഗംഗാ പദ്ധതിക്കാണ് വിനിയോഗിക്കുന്നത്.
















