ന്യൂഡൽഹി: ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം ഏകദേശം ലക്ഷ്യത്തിലെത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരയുദ്ധം ആരംഭിച്ചതിന് പിന്നാലെ ഗാസ സിറ്റിയിലേക്ക് പ്രവേശിച്ച ഇസ്രയേൽ സൈന്യം ബഹുഭൂരിപക്ഷം പ്രദേശങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തതായി ഐഡിഎഫ് വക്താവ് ബ്രിഗേഡിയർ ജനറൽ എഫീ ഡെഫ്രിൻ വ്യക്തമാക്കി. ശക്തമായ ആക്രമണമാണ് ഗാസ സിറ്റിയിൽ ഇസ്രയേൽ സൈന്യം നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ മാത്രമുണ്ടായ ബോംബ് ആക്രമണങ്ങളിൽ നൂറു കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. നിരവധി ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു.
നിരവധി ഇസ്രയേലി ടാങ്കുകളും കവചിത വാഹനങ്ങളും ഗാസ പട്ടണത്തെ ലക്ഷ്യമാക്കി നീങ്ങുകയാണ്. മൂന്നാമത് ഡിവിഷന്‍ കൂടി ഉടന്‍ ഗാസയിലേക്കെത്തുമെന്നാണ് ഇസ്രയേല്‍ സൈന്യം അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ കുറഞ്ഞത് ഇരുപതോളം വീടുകളും പാര്‍പ്പിട സമുച്ചയങ്ങളും മോസ്കും ഇസ്രയേല്‍ സൈന്യം തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. രണ്ട് വർഷമായി തുടരുന്ന അക്രമണ പ്രത്യാക്രമണ സംഭവങ്ങളിൽ ഏറ്റവും ക്രൂരമായതും നാശനഷ്ടമുണ്ടായതുമായ അവസ്ഥയ്ക്കാണ് ഗാസ ഇപ്പോൾ സാക്ഷിയാകുന്നത്. ‘ഗാസ കത്തുന്നു’ എന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് കഴിഞ്ഞ ദിവസം എക്‌സിൽ കുറിച്ചിരുന്നു.
ഇതോടെ നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യുകയാണ് ആയിരകണക്കിന് ആളുകൾ. തെക്കൻ മേഖലയിലേക്കാണ് കൂടുതൽ ആളുകളും ഒഴുകുന്നത്. ഇനി ഒരിക്കലും തിരിച്ചുവരാന്‍ കഴിഞ്ഞേക്കില്ലെന്ന ഭയത്തിലാണ് ആയിരക്കണക്കിന് ഗാസക്കാർ ബോംബുകള്‍ക്കും വെടിയുണ്ടകള്‍ക്കും നടുവിലൂടെ പലായനം ചെയ്യുന്നത്.
ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തുന്ന കര ആക്രമണത്തിനെതിരെ മനുഷ്യകവചമായി ബന്ദികളെ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, “എല്ലാ വാതുവെപ്പുകളും ശരിയല്ല” എന്ന് പറഞ്ഞുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ ഹമാസിന് മുന്നറിയിപ്പ് നൽകി. “ഇസ്രായേലിന്റെ കര ആക്രമണത്തിനെതിരെ മനുഷ്യകവചമായി ഉപയോഗിക്കുന്നതിനായി ഹമാസ് ബന്ദികളെ ഭൂമിക്ക് മുകളിലേക്ക് മാറ്റിയതായി ഒരു വാർത്താ റിപ്പോർട്ട് ഞാൻ വായിച്ചു. അത്തരമൊരു കാര്യം ചെയ്താൽ അവർ എന്തിലേക്കാണ് പോകുന്നതെന്ന് ഹമാസ് നേതാക്കൾക്ക് അറിയാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ എഴുതി.
















