തൃശ്ശൂർ: ഭവന നിർമ്മാണത്തിന് സഹായം അഭ്യർത്ഥിച്ചെത്തിയ വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നതിൽ കൂടുതൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിവേദനം നിരസിച്ചത് കൈപ്പിഴയാണെന്ന് സമ്മതിച്ച കേന്ദ്രമന്ത്രി എന്നാൽ അത് ഉയർത്തിക്കാട്ടി കൂടുതൽ വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു. അത് ചൂണ്ടിക്കാണിച്ച് ഈ തീഗോളം കെടുത്താമെന്ന് ഒരുത്തനും വിചാരിക്കണ്ടയെന്നും സുരേഷ് ഗോപി പറഞ്ഞു. ബുധനാഴ്ച രാവിലെ കൊടുങ്ങല്ലൂരില്‍ നടന്ന കലുങ്ക് സംവാദമെന്ന സൗഹൃദസദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി അവര്‍ക്ക് നിവേദനം വേണം അത് നിഷേധിക്കപ്പെടണം. അതൊക്കെ അവര്‍ ചെയ്തോട്ടെ, നല്ലതാണ്. വേലായുധന് ചേട്ടന് ഒരു വീട് കിട്ടിയതില്‍ സന്തോഷമേയുള്ളൂ. നല്ല കാര്യം. ഇനിയും ഞാനിതുപോലെ വേലായുധന് ചേട്ടന്മാരെ അങ്ങോട്ടയയ്ക്കും. പാര്‍ട്ടിയങ്ങോട്ട് തയ്യാറെടുത്തിരുന്നോളൂ. ഞാന്‍ ഒരു ലിസ്റ്റങ്ങ് പ്രഖ്യാപിക്കും. ആര്‍ജവം കാണിക്കണം.അതിനുള്ള ചങ്കൂറ്റവും കാണിക്കണം.” സുരേഷ് ഗോപി വ്യക്തമാക്കി.
അവിടെയും ഇവിടെയും തെന്നിയും തെറിച്ചും കിടക്കുന്ന ചില കൈപ്പിഴകളൊക്കെ എടുത്ത് ചൂണ്ടിക്കാണിച്ച് ഈ തീപ്പന്തം അല്ലെങ്കില്‍ തീഗോളം കെടുത്താമെന്ന് ഒരുത്തനും വിചാരിക്കണ്ട, നടക്കില്ല. അതിനുള്ള ചങ്കൂറ്റം ഭരത് ചന്ദ്രനുണ്ടെങ്കില്‍ അത് സുരേഷ് ഗോപിയ്ക്കുമുണ്ടെന്ന് സുരേഷ് ഗോപി. കലുങ്ക് ചർച്ചയുടെ പൊലിമ കെടുത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി ആരോപിച്ചു. കലുങ്ക് സംവാദം തടയാനാകില്ലെന്നും പതിന്നാല് ജില്ലകളിലും പോകുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചുവേലായുധന്റെ നിവേദനം കൈപ്പറ്റാന്‍ സുരേഷ് ഗോപി വിസമ്മതിച്ചത് വിവാദമായിരുന്നു. തന്റെ അധികാരപരിധിയില്‍ പെടുന്ന വിഷയമല്ലെന്ന് മന്ത്രി പിന്നീട് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. കൊച്ചു വേലായുധന് സിപിഐ എം വീട് നിർമിച്ച് നൽകും. കൊച്ചുവേലായുധന്റെ ഒറ്റമുറി വീട്ടിലെത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദറാണ് ഉടൻ വീട് നിർമാണം ആരംഭിക്കുമെന്ന് ഉറപ്പുനൽകിയത്.
















