ഭദ്രകാളിക്ക് കടുംപയാസം, ചിക്കനും, ആടുമൊക്കെ നിവേദ്യങ്ങൾ ആയിട്ടുള്ള ക്ഷേത്രങ്ങളെ കുറിച്ച് നമുക്കറിയാം. എന്നാൽ ന്യൂഡിൽസും, മോമോസയും ഒക്കെ ഇഷ്ട നേദ്യമായി സ്വീകരിക്കുന്ന ഭദ്രകാളിയും നമ്മുടെ രാജ്യത്തുണ്ട്. കൊൽക്കത്തയിൽ ഓൾഡ് ചൈന ടൗൺ എന്നറിയപ്പെടുന്ന താൻഗ്രയിലാണ് ഈ ഭദ്രകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ചെറിയ കാളി ക്ഷേത്രം ആണെങ്കിലും വളരെ നിഗൂഢമായ ആചാരങ്ങൾ പിന്തുടരുന്ന ക്ഷേത്രമാണിത്. ചൈനീസ് മാതൃകയിലാണ് കാളി ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ട് സംസ്‌കാരങ്ങൾ കൂടിച്ചേരുന്ന സ്ഥലമാണ് ഇവിടം. അതുകൊണ്ട് തന്നെ താൻഗ്രയിലെ കാളി ക്ഷേത്രം ചൈനീസ് കാളി ക്ഷേത്രം എന്നും അറിയപ്പെടുന്നു.
ഇന്ത്യയിലെ ഏക ചൈനീസ് അധിവാസകേന്ദ്രമാണ് പശ്ചിമ ബംഗാളിലെ താൻഗ്ര. താൻഗ്ര എന്നാൽ ബംഗാളിയിൽ തുകൽ എന്നാണ് അർത്ഥം. പണ്ട് ഇവിടെ ധാരാളം ലെതർ ഫാക്ടറികൾ ഉണ്ടായിരുന്നു. ഈ ഫാക്ടറികൾ സ്ഥാപിച്ചതും, പണിയെടുക്കുന്നതും കൂടുതലും ചൈനക്കാർ ആണ്. ചൈനീസ് ആചാരങ്ങളും പാരമ്പര്യങ്ങളും പിന്തുടരുന്ന 5000- ത്തോളം ചൈനീസ് പൗരന്മാർ ഇപ്പോഴും ഈ പട്ടണത്തിൽ താമസിക്കുന്നു.
ശ്രീ കോവിലിൽ കാളിയുടെയും, ശിവന്റെയും പ്രതിഷ്ഠകളാണ്. എല്ലാ ദിവസവും ഇവിടെ പൂജയും പ്രാർത്ഥനയും ഉണ്ട്. എന്നാൽ ചില ദിവസങ്ങളിൽ ന്യൂഡിൽസ്, മോമോസ് തുടങ്ങിയ ചൈനീസ് വിഭവങ്ങൾ അഭിഷ്ട സിദ്ധിക്കായി വഴിപാടുകൾ നടത്തുന്നു. ക്ഷേത്രത്തിന്റെ ഉല്പത്തിയെ കുറിച്ചും ചില കഥകൾ ഉണ്ട്. വളരെക്കാലം മുമ്പ് ഒരു വലിയ മരത്തിന് സമീപം രണ്ട് കല്ലുകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. പിന്നിട് ആളുകൾ കുങ്കുമം അർപ്പിച്ച് ദിവസവും പ്രാർത്ഥിച്ച് തുടങ്ങി.
ഏകദേശം 80 വർഷം മുൻപ് ഇന്ത്യയിൽ എത്തിയ ഒരു ചൈനീസ് ദമ്പതികളുടെ മകന് ഒരു മാറാ രോഗം പിടിപെട്ടു. എന്തൊക്കെ മരുന്നുകൾ കൊടുത്തിട്ടും മാറ്റമില്ലാതായപ്പോൾ ബുദ്ധമത വിശ്വാസികളായ ദമ്പതികൾ നാട്ടുകാരുടെ ആവശ്യപ്രകാരം അവിടുത്തെ കുഞ്ഞു കാളി ക്ഷേത്രത്തിൽ ചെന്ന് ആ കല്ലുകളിൽ കുങ്കുമം അ ർപ്പിച്ച് കാളി ദേവിയെ പ്രാർത്ഥിച്ചു.
മരണാസന്നനായി കിടന്ന കുട്ടി അത്ഭുതകരമായി രക്ഷപെട്ടതോടെ കുട്ടിയുടെ കുടുംബം ആ ക്ഷേത്രം പുതുക്കി പണിതു. ക്ഷേത്രം പണിയുന്നതിനും ചൈനക്കാരും സംഭാവനകൾ നൽകി.
ആത്യന്തികമായി, രണ്ട് സംസ്കാരങ്ങൾ തമ്മിൽ കൂടിച്ചേർന്നതോടെ അവിടെ പുതിയ ഒരു സമുദായം ഉടലെടുത്തു. അതാണ് ചൈനീസ്-ഹിന്ദുസ് സമുദായം. അന്ന് തൊട്ട് ചൈനക്കാർ തങ്ങളുടെ ഇഷ്ട ദേവിയായി കാളിയെ പ്രാർത്ഥിച്ചു തുടങ്ങി. തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണമായ ന്യുഡിൽസും, ചൗ മീനും, ഫ്രൈഡ് റൈസും, ചോപ് സീയും, മോമോസുമൊക്കെ കാളിമായ്ക്ക് സമർപ്പിച്ചു. ദേവി അത് സസന്തോഷം സ്വീകരിച്ച് ഇന്നും തന്റെ പ്രിയപെട്ടവരെ സംരക്ഷിച്ചു വരുന്നു.
ശനിയാഴ്ചകളിലാണ് ക്ഷേത്രത്തിൽ ദേവിപ്രീതിക്കായി പ്രത്യേക പൂജകൾ നടക്കുന്നത്. ദീപാവലി സമയത്ത് മറ്റ് കാളി ക്ഷേത്രങ്ങളി ലേതുപോലെ തന്നെ ഇവിടെയും വലിയ ആഘോഷങ്ങൾ നടക്കുന്നു. ദീപാവലി നാളിൽ ഇവിടെ ചില പ്രത്യേകതകളുണ്ട്. മറ്റ് ക്ഷേത്രങ്ങളിലെല്ലാം വിളക്കുകളും ചിരാതുകളും തെളിയുമ്പോൾ ഇവിടെ പ്രത്യേക ഗന്ധമുള്ള ധൂപവും പേപ്പറുമാണ് കത്തിക്കുന്നത്. ദുരാത്മാക്കളെ അകറ്റാനായി നടത്തുന്ന ആചാരമായാണ് ഇത് അറിയപ്പെടുന്നത് കൊൽക്കത്തയിൽ നിന്ന് 4 കിലോമീറ്റർ ദൂരമാണ് താൻഗ്രയിലേക്ക് ഉള്ളത്. സീൽദ സ്റ്റേഷൻ ആണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ.
















