Homepage Featured Kerala News

സ്വർണം തൊട്ടാൽ പൊള്ളും; റെക്കോർഡ് വിലയുമായി കുതിപ്പ് തുടരുന്നു

രാജ്യാന്തര വിപണിയ്ക്ക് പിന്നാലെ കേരളത്തിലും സ്വർണവിലയുടെ റെക്കോർഡ് തേരോട്ടം. ചരിത്രത്തിലാദ്യമായി പവന് 82,000 രൂപ കടന്നു. ഇന്ന് വില 640 രൂപ ഉയർന്ന് 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപ ഉയർന്ന് 10,260 രൂപയും. ഈ മാസം 12ന് രേഖപ്പെടുത്തിയ ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമെന്ന റെക്കോർഡാണ് മറികടന്നത്.

പവന് 82,080 രൂപയായെങ്കിലും ആ വിലയ്ക്ക് ഒരു പവൻ ആഭരണം കിട്ടില്ല. 3% ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ഫീസും മിനിമം 5% പണിക്കൂലിയും ചേർന്നാൽ 88,825 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 11,105 രൂപയും.

ഈമാസം ഇതുവരെ കേരളത്തിൽ സ്വർണം ഗ്രാമിന് 555 രൂപയും പവന് 4,440 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 65 രൂപ കത്തിക്കയറി റെക്കോർഡിലെത്തി. 8,500 രൂപയാണ് മാർക്കറ്റ് വില. വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കൂടി 141 രൂപയായി; ഇതും പുതിയ നിരക്കാണ് . സംസ്ഥാനത്ത് ചില വ്യാപാരികൾ‌ ഇന്ന് 18 കാരറ്റ് സ്വർണം വിൽ‌ക്കുന്നത് 8,425 രൂപ നിരക്കിലാണ്; വെള്ളിക്ക് ഗ്രാമിന് 137 രൂപയും.

അമേരിക്കയിൽ പലിശ കുറയ്കാാൻ സാധ്യത തെളിഞ്ഞതോടെ രാജ്യാന്തര സ്വർണവില കൂടുകയാണ്. പലിശ കുറയുന്നത് ഡോളറിന്റെ മൂല്യം, യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്ക് എന്നിവ കുറയാനിടയാക്കും ഇത് ഗോൾഡ് ഇടിഎഫുകൾക്ക് സമ്മാനിക്കുന്ന സ്വീകാര്യതയാണ് വിലക്കുതിപ്പിന് പ്രധാന കാരണങ്ങളിലൊന്ന്.

യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യു എസ് ഡോളർ ഇൻഡക്സ് 97.22ലേക്ക് ഇടിഞ്ഞു. കഴിഞ്ഞ രണ്ടരമാസത്തെ താഴ്ചയാണിത്. കഴിഞ്ഞ ജനുവരിയിൽ 4.7 ശതമാനത്തിന് മുകളിലായിരുന്ന 10-വർഷ ട്രഷറി യീൽഡ് ഇപ്പോഴുള്ളത് 4.04 ശതമാനത്തിൽ. ഒരുഘട്ടത്തിൽ 4.03 നിലവാരത്തിലേക്കും താഴ്നു.

നാളെ വൈകിട്ട് യുഎസ് ഫെഡറൽ ബാങ്ക് പലിശനയം പ്രഖ്യാപിക്കും. 0.50% വരെ ഇളവ് പലിശനിരക്കിൽ വരുത്തിയേക്കുമെന്ന് നിരീക്ഷണങ്ങളുണ്ട്. രാജ്യാന്തര സ്വർണവില വൈകാതെ 3,700 ഡോളറും 2025 ഡിസംബറോടെ 3,800 ഡോളറും കടന്നേക്കും. അങ്ങനെയെങ്കിൽ കേരളത്തിൽ വില ഇനിയും കുതിച്ചു കയറും.

രാജ്യാന്തരവില ഔൺസിന് ഇപ്പോൾ 40 ഡോളറിലധികം ഉയർന്ന് 3,687.07 എന്ന സർവകാല റെക്കോർഡിലാണ്. 3,680 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രൂപ ഡോളറിനെതിരെ ഇന്നലെ 10 പൈസ മെച്ചപ്പെട്ട് 88.16ൽ എത്തി. ഇന്നു രാവിലെ വ്യാപാരം തുടങ്ങിയത് 17 പൈസയുടെ നേട്ടത്തോടെ 88.05ൽ. രൂപ നില മെച്ചപ്പെടുത്തിയത്, കേരളത്തിൽ സ്വർണവില വർധനയുടെ ആക്കം കുറച്ചു. അത്കൂടിയില്ലായിരുന്നെങ്കിൽ വില ഇതിലും കൂടുമായിരുന്നു.

Related Posts