പതിവായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ക്യാഷ്ബാക്കും റിവാർഡുകളും ഉൾപ്പെടെയുള്ള നിരവധി നേട്ടങ്ങൾ ലഭിക്കാറുണ്ട്. എന്നാൽ, ഇവയിൽ ഏതാണ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് കൂടുതൽ ഗുണകരമെന്ന് അറിയാമോ? ഇവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്ന് ആദ്യം അറിയാം. ഉപയോക്താക്കൾക്ക് എന്തെങ്കിലും സാധനങ്ങൾ വാങ്ങുമ്പോൾ അവരുടെ കാർഡുകളിലേക്ക് കുറച്ച് പണം തിരികെ ലഭിക്കുന്നതാണ് ക്യാഷ്ബാക്ക്. ഇടപാടുകൾ നടത്തുന്ന സമയത്ത് റിവാർഡ് പോയിന്റ് കിട്ടുന്നു. ഇവ പിന്നീട് യാത്ര അല്ലെകിൽ ഹോട്ടൽ ബുക്കിങ് പോലുള്ള അവസരങ്ങളിൽ പ്രയോജനപ്പെടുത്താവുന്നതാണ്.
ക്യാഷ്ബാക്കുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
കടകളിൽനിന്നോ ഓൺലൈൻ ഫ്ലാറ്റ്ഫോം വഴിയോ ചെലവഴിക്കുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ കാർഡുകളിലേക്ക് കുറച്ച് പണം തിരികെ ലഭിക്കുന്നു. അവ തീർച്ചയായും റിവാർഡ് പോയിന്റുകളേക്കാൾ മികച്ചതാണ്.
റിവാർഡ് പോയിന്റുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഒരു നിശ്ചിത ഫോർമുല പ്രകാരം, റിവാർഡ് പോയിന്റുകൾ ഉപയോക്താക്കൾക്ക് ചില പോയിന്റുകൾ തിരികെ നേടാൻ സഹായിക്കുന്നു. ഉദാഹരണത്തിന്, ഐസിഐസിഐ ബാങ്കിന്റെ കോറൽ ക്രെഡിറ്റ് കാർഡ് ഇന്ധനം ഒഴികെ നിങ്ങളുടെ കാർഡിൽ ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും രണ്ട് റിവാർഡ് പോയിന്റുകളും യൂട്ടിലിറ്റികൾക്കും ഇൻഷുറൻസ് വിഭാഗങ്ങൾക്കുമായി ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും ഒരു റിവാർഡ് പോയിന്റും വാഗ്ദാനം ചെയ്യുന്നു.
ചില ക്രെഡിറ്റ് കാർഡുകൾ 2 ലക്ഷം രൂപവരെ ചെലവഴിക്കുന്നതിന് 2,000 റിവാർഡ് പോയിന്റുകൾ വാഗ്ദാനം ചെയ്യുന്നു. ഈ റിവാർഡ് പോയിന്റുകൾ പിന്നീട് വിമാന ടിക്കറ്റുകൾ വാങ്ങുന്നതിനോ, ഹോട്ടൽ ബുക്കിംഗുകൾ നടത്തുന്നതിനോ, വ്യാപാരികളിൽ നിന്നോ ഓൺലൈൻ ഫ്ലാറ്റ്ഫോമിൽ നിന്നോ സാധനങ്ങൾ വാങ്ങുന്നതിനോ ഉപയോഗിക്കാവുന്നതാണ്.
റിവാർഡുകളും ക്യാഷ്ബാക്കുകളും അടിസ്ഥാനമാക്കി ഒരു കാർഡ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഇവ പരിഗണിക്കുക
- മിക്കവാറും എല്ലാ ക്രെഡിറ്റ് കാർഡുകളും സാധനങ്ങൾ വാങ്ങുമ്പോൾ റിവാർഡ് പോയിന്റുകൾ നൽകുന്നുണ്ടെങ്കിലും, പല കാർഡുകളും തമ്മിൽ വ്യത്യാസമുണ്ട്. സാധാരണയായി, ഉയർന്ന മൂല്യമുള്ള കാർഡുകൾക്ക് മികച്ച റിവാർഡ് പോയിന്റ് സിസ്റ്റം ഉണ്ടായിരിക്കാം. ഉദാഹരണത്തിന്, ചെലവഴിക്കുന്ന ഓരോ 200 രൂപയ്ക്കും ആക്സിസ് ബാങ്കിന്റെ ഷോപ്പിങ് റിവാർഡ് കാർഡ് 2 പോയിന്റുകൾ വാഗ്ദാനം ചെയ്യുന്നു, മൈ ചോയ്സ് കാർഡ് 4 പോയിന്റുകൾ വാഗ്ദാനം ചെയ്യുന്നു, പ്രിവിലേജ് ക്രെഡിറ്റ് കാർഡ് 10 പോയിന്റുകൾ വാഗ്ദാനം ചെയ്യുന്നു.
- റിവാർഡ് പോയിന്റുകളോ ക്യാഷ്ബാക്കുകളോ അടിസ്ഥാനമാക്കിയുള്ള ഒരു കാർഡ് തിരഞ്ഞെടുക്കുന്നതിന് മുമ്പ്, നിങ്ങൾ ഏറ്റവും കൂടുതൽ ചെലവഴിക്കുന്നത് എവിടെയാണെന്ന് തിരിച്ചറിയുന്നത് നല്ലതാണ്. ആ വിഭാഗങ്ങളിൽ ഉയർന്ന റിവാർഡുകളോ ക്യാഷ്ബാക്കോ വാഗ്ദാനം ചെയ്യുന്ന ഒരു കാർഡ് നിങ്ങൾ തിരഞ്ഞെടുക്കണം. ഉദാഹരണത്തിന്, ചില കാർഡുകൾ പലചരക്ക് സാധനങ്ങൾക്ക് 5 ശതമാനം ക്യാഷ്ബാക്കോ യാത്രയ്ക്ക് 3x പോയിന്റുകളോ വാഗ്ദാനം ചെയ്യുന്നുണ്ട്
















