Entertainment Homepage Featured Music

എസ്.പി. ബിയുടെ മരണത്തിൽ ഇളയരാജ തകർന്നുപോയി, മരണത്തിന് മുൻപ് ഇരുവരും പിണക്കം അവസാനിപ്പിച്ചിരുന്നു: രജനീകാന്ത്

അന്തരിച്ച ​ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യവും ഇളയരാജയുമായുള്ള സൗഹൃദത്തേക്കുറിച്ചും ഇടക്കാലത്ത് ഇരുവരും തമ്മിലുണ്ടായ പിണക്കത്തേക്കുറിച്ചും ഓർമ്മകൾ പങ്കുവെച്ച് നടൻ രജനീകാന്ത്. എസ്.പി. ബിയുടെ മരണത്തിൽ ഇളയരാജ തകർന്നുപോയെന്നും രജനീകാന്ത് പറഞ്ഞു. ചെന്നൈയിൽ സം​ഗീത രം​ഗത്ത് 50 വർഷം പൂർത്തിയാക്കിയ ഇളയരാജയെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഓർമ്മകൾ പങ്കുവെച്ചത്.

ഇരുവരും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളൽ വീഴാൻ കാരണം ഇളയരാജയുടെ ​ഗാനങ്ങൾ എസ്.പി. ബാലസുബ്രഹ്മണ്യം വേദികളിൽ പാടുന്നതിനെതിരെ കേസ് കൊടുത്തതാണ്. തന്റെ ​ഗാനങ്ങൾ റോയൽറ്റി നൽകാതെയാണ് വേദികളിൽ അവതരിപ്പിക്കുന്നത് എന്നായിരുന്നു ഇളയരാജയുടെ പരാതി. 2019ൽ, എസ്.പി.ബി. മരിക്കുന്നതിന് ഒരു വർഷം മുൻപ് ഇരുവരും തമ്മിലുള്ള പിണക്കം അവസാനിപ്പിച്ചിരുന്നു.

“എസ്.പി. ബാലസുബ്രഹ്മണ്യം ഒരു സംഗീത പരിപാടിക്കായി അമേരിക്കയിലേക്ക് പോയി. സ്വാമി (ഇളയരാജ) പറഞ്ഞു, അവൻ എൻ്റെ പാട്ടുകളാണ് പാടുന്നത്; അവനത് ചെയ്യാൻ കഴിയില്ല, നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന്. ഇതിൽ വിഷമിച്ച എസ്.പി.ബി., ഇളയരാജയുടെ പാട്ടുകൾ പാടുന്നത് നിർത്താൻ തീരുമാനിച്ചു. നടൻ വിവേകിന്റെയും സ്.പി.ബി-യുടെയും സ്ഥാനം നികത്താൻ ആർക്കും കഴിയില്ല. കോവിഡ് ബാധിച്ച് എസ്.പി.ബി. മരിച്ചപ്പോൾ ഇളയരാജ പൊട്ടിക്കരഞ്ഞു. തൻ്റെ സഹോദരനോ, ഭാര്യക്കോ, മകൾക്കോ വേണ്ടി അദ്ദേഹം കണ്ണുനീർ പൊഴിച്ചില്ല. അദ്ദേഹത്തിൻ്റെ കണ്ണുനീർ തൻ്റെ സുഹൃത്തിനു വേണ്ടിയായിരുന്നു.” രജനീകാന്ത് വേദിയിൽ പറഞ്ഞു. 2011 ഒക്ടോബറിൽ ഇളയരാജയുടെ ഭാര്യ ജീവ രാജയ്യ മരണപ്പെടുകയും 2024 ജനുവരിയിൽ മകളും ​ഗായികയുമായ ഭവതരിണി കാൻസറിനെ തുടർന്ന് മരണപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോഴും ഇളയരാജ തൻ്റെ ഗാനങ്ങളുടെ അവകാശങ്ങൾക്കായി പോരാടുകയാണ്. രജനികാന്തിൻ്റെ സുഹൃത്തായിരുന്നിട്ടും, അടുത്തിടെ ഇറങ്ങിയ രജനീകാന്ത് ചിത്രം കൂലിയുടെ പ്രൊമോഷണൽ ഗാനമായ ‘കൂലി ഡിസ്കോ’യിൽ തൻ്റെ സംഗീതം ഉപയോഗിച്ചതിന്റെ പേരിൽ ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സിനെതിരെ അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചിരുന്നു. ‘മഞ്ഞുമ്മൽ ബോയ്സ്’, ‘ഗുഡ് ബാഡ് അഗ്ലി’ എന്നീ ചിത്രങ്ങളിലും തന്റെ സം​ഗീതം ഉപയോ​ഗിച്ചതിന് സിനിമയുടെ നിർമ്മാതാക്കൾക്ക് അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചിരുന്നു.

Related Posts