മോളിവുഡിൽ അത്ഭുതം സൃഷ്ടിക്കുകയാണ് കല്യാണി പ്രിയദർശനെ കേന്ദ്ര കഥാപാത്രമാക്കി ദുൽഖർ സൽമാൻ നിർമ്മിച്ച് അരുൺ ഡൊമിനിക് സംവിധാനം ചെയ്ത് തീയേറ്ററിലെത്തിയ ലോകഃ ചാപ്റ്റർ വൺ. ഓണം റിലീസായി എത്തിയ ചിത്രം തീയേറ്ററിൽ ആളുകളെ നിറച്ച് പ്രദർശനം തുടരുന്നു. ഇതിനിടയിൽ നിർണായകമായ പല നാഴികകല്ലുകളും ലോകഃ പിന്നിട്ടു കഴിഞ്ഞു. മൂന്നാം ആഴ്ചയിലും വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം ഇതാ പുതിയൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മൂന്നാമത്തെ മലയാളം സിനിമയായി ലോകഃ.
ശനിയാഴ്ചത്തെകൂടി കളക്ഷൻ കണക്കാക്കുമ്പോഴാണ് ഈ വർഷം തന്നെ പുറത്തിറങ്ങിയ എംപുരാനെ കടത്തിവെട്ടി ചരിത്ര നേട്ടം സ്വന്തമാക്കിയത്. ആദ്യത്തെ രണ്ടാഴ്ചയ്ക്ക് ഉള്ളിൽ തന്നെ ലോകഃ നൂറു കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. 17 ദിവസംകൊണ്ട് 112.05 കോടി രൂപയാണ് ലോകഃ നേടിയത്. ഇതോടെ 106.64 കോടി രൂപയെന്ന എംപൂരന്റെ നേട്ടം പിന്തള്ളപ്പെട്ടു. 122 കോടി നേടിയ തുടരും രണ്ടാം സ്ഥാനത്തുണ്ട്. 142 കോടി രൂപ നേടിയ മഞ്ഞുമൽ ബോയ്സാണ് ഒന്നാം സ്ഥാനത്ത്.
അതേസമയം, ആകെ കളക്ഷൻ 200 കോടി കടത്തിയ ചിത്രം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മലയാള ചിത്രവുമായി. റിലീസ് ചെയ്ത് രണ്ടാഴ്ച കൊണ്ടാണ് ‘ലോക’ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിലെ ഓള് ടൈം ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോര്‍ഡ് കളക്ഷന്‍ നേടിയാണ് മുന്നേറുന്നത്. നായിക കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം തെന്നിന്ത്യയിൽ തന്നെ നൂറു കോടി ക്ലബ്ബിൽ ഇടംപിടിക്കുന്നതും അപൂർവ്വ കാഴ്ചയാണ്. ഈ സാഹചര്യത്തിലാണ് കല്യാണിയുടെ 200 കോടി നേട്ടം.
2016 പുറത്തിറങ്ങിയ പുലിമുരുഖനാണ് നൂറു കോടി ക്ലബ്ബിൽ ഇടംപിടിച്ച ആദ്യ ചിത്രം. ലൂസിഫർ, 2018, മഞ്ഞുമൽ ബോയ്സ് തുടങ്ങി മാർക്കോ വരെ 2024ൽ പുറത്തിറങ്ങിയ 9 ചിത്രങ്ങളാണ് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. 2025ൽ മാത്രം ഇതുവരെ രണ്ട് ചിത്രങ്ങൾ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. മോഹൻലാൽ നായകനായി എത്തിയ എംപുരാനും തുടരുവുമാണ് നൂരു കോടി അടിച്ചത്.