കൊച്ചി: മൂവാറ്റുപുഴ നഗരത്തിലെ എംസി റോഡ് ഉദ്ഘാടനം വിവാദമായതിനെ തുടർന്ന് ട്രാഫിക് എസ്‌ഐക്കെതിരെ നടപടി. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ചടങ്ങിൽ പങ്കെടുത്തതിനാലാണ് ട്രാഫിക് എസ്‌ഐ കെ.പി. സിദ്ദിഖിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഉദ്ഘാടനത്തിൽ പങ്കെടുക്കുകയും എംഎൽഎയുടെ നിർദ്ദേശപ്രകാരം റോഡ് ഉദ്ഘാടനം ചെയ്തതുമാണ് വിവാദത്തിന് കാരണമായത്.
നവീകരണ പ്രവൃത്തനങ്ങൾ പുരോഗമിക്കുകന്നതിനിടെയാണ് എസ് ഐയെ കൊണ്ട് എംഎൽഎ റോഡ് ഉദ്ഘാടനം ചെയ്യിപ്പിച്ചത്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉദ്യോഗസ്ഥരെ ഉപയോഗിച്ചതാണെന്ന് ആരോപിച്ച് സിപിഎം കടുത്ത പ്രതിഷേധം ഉയർത്തി. കച്ചേരിതാഴം മുതൽ പി.ഒ. ജംഗ്ഷൻ വരെയുള്ള ഭാഗത്തിന്റെ ടാറിംഗ് പൂർത്തിയായതിനെ തുടർന്നാണ് റോഡ് തുറന്നുകൊടുത്തത്. എന്നാൽ നിർമ്മാണം പൂർത്തിയാകാതെ റോഡ് ഉദ്ഘാടനം ചെയ്തത് തെറ്റായ നടപടിയാണെന്നും സിപിഎം വ്യക്തമാക്കി.സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻക്കും ഡിജിപിക്കും സിപിഎം പരാതി നൽകി. “പോലീസ് ഉദ്യോഗസ്ഥൻ രാഷ്ട്രീയ നാടകം കളിച്ചു” എന്നാരോപിച്ചാണ് സിപിഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി പരാതി സമർപ്പിച്ചത്.