Homepage Featured News World

നേപ്പാളിൽ മാർച്ച് 5 ന് തെരഞ്ഞെടുപ്പ്; കർഫ്യൂ പിൻവലിച്ചു; ജനജീവിതം സാധാരണ നിലയിലേക്ക്

കാഠ്മണ്ഡു: നേപ്പാൾ പ്രതിനിധി സഭയിലേക്ക് ആറ് മാസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തുമെന്നും മാർച്ച് 5 ന് തിരഞ്ഞെടുപ്പ് തീയതിയായി നിശ്ചയിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് രാമചന്ദ്ര പൗഡൽ പ്രഖ്യാപിച്ചു. ആഴ്ചകളോളം നീണ്ടുനിന്ന അക്രമാസക്തമായ ജെൻ സി പ്രതിഷേധങ്ങളെത്തുടർന്ന് 51 പേർ മരിക്കുകയും 1,300 ലധികം പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് തടവുകാർ രക്ഷപ്പെടുകയും ചെയ്തതിനെത്തുടർന്ന് നേപ്പാൾ പ്രസിഡന്റ് പാർലമെന്റ് പിരിച്ചുവിട്ടിരുന്നു.

നിലവിലെ അവസരം വളരെ തന്ത്രപൂർവ്വം പ്രയോജനപ്പെടുത്തി, മാർച്ച് 5 ന് നടക്കുന്ന തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കാൻ എല്ലാ പാർട്ടികളോടും ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു, എന്ന് പ്രസിഡന്റ് പ്രസ്താവന കുറിപ്പിൽ അറിയിച്ചു.

ശനിയാഴ്ച രാവിലെ, നേപ്പാളി പൗരന്മാർ ബൗദ്ധനാഥ് സ്തൂപത്തിന് സമീപം അഴിമതി വിരുദ്ധ പ്രതിഷേധങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി മെഴുകുതിരി കത്തിച്ച് മാർച്ച് നടത്തി. വിദ്യാർത്ഥികൾ, സന്യാസിമാർ, ആക്ടിവിസ്റ്റുകൾ, നാട്ടുകാർ എന്നിവരുൾപ്പെടെ എല്ലാ മേഖലകളിലുമുള്ള ആളുകൾ മാർച്ചിൽ പങ്കെടുത്തു. അതേസമയം, നേപ്പാളി കോൺഗ്രസ് എംപി അഭിഷേക് പ്രതാപ് ഷാ, മുൻ നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിക്കെതിരെ കപിൽവാസ്തുവിലെ ചീഫ് ജില്ലാ ഓഫീസർ ദിൽകുമാർ തമാങ് മുഖേന ന്യൂ ബനേഷ്‌വർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തു.

നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കി ശനിയാഴ്ച സിവിൽ ആശുപത്രി സന്ദർശിച്ച് പരിക്കേറ്റ ജെൻ സി പ്രതിഷേധക്കാരെ സന്ദർശിച്ചു. പ്രകടനങ്ങളിൽ 51 പേർ മരിച്ചതായി ആരോഗ്യ-ജനസംഖ്യാ മന്ത്രാലയം സ്ഥിരീകരിച്ചു, ഇതിൽ 30 പേർ വെടിയേറ്റും 21 പേർ പൊള്ളലേറ്റുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

മരിച്ചവരിൽ ഒരു ഇന്ത്യക്കാരനും മൂന്ന് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്ന് നേപ്പാൾ പോലീസ് വക്താവ് രമേശ് താപ്പ പറഞ്ഞു. മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷം രാജ്യവ്യാപകമായി ഏർപ്പെടുത്തിയ കർഫ്യൂ പിൻവലിച്ചു. രാജ്യം ഇപ്പോൾ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. പൊതുഗതാഗതം പുനരാരംഭിച്ചു, കാഠ്മണ്ഡുവിൽ നിന്നുള്ള ദീർഘദൂര ബസുകൾ വീണ്ടും സർവീസ് ആരംഭിച്ചു.

Related Posts