നോക്കിനിൽക്കുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരു പടിക്കിണർ. എത്ര ധൈര്യം ഉണ്ടെന്ന് പറഞ്ഞാലും അകത്തു ഒറ്റയ്ക്ക് നടക്കുമ്പോൾ മനസ്സിൽ ഉയർന്നു വരുന്ന ഒരു ഭയം. കേട്ടു പഴകിയ കഥകൾ കൊണ്ടും പേടിപ്പിക്കുന്ന ചരിത്രങ്ങൾ കൊണ്ടും ഡൽഹിയിൽ എത്തുന്ന സഞ്ചാരികളിൽ പലരും ഇവിടേക്ക് പോകാറില്ല. പക്ഷെ ഡൽഹിയിൽ എത്തുന്ന ഏതൊരാളും കണ്ടിരിക്കേണ്ട ഒരിടം ആണ് അഗ്രസെൻ കി ബാവോലി.
ഡൽഹിയുടെ ഹൃദയഭാഗത്ത് കൊണാട്ട് പ്ലേസിന് അടുത്ത് ഹെയ്‌ലി റോഡിലാണ് അഗ്രസെൻ കി ബാവോലി സ്ഥിതി ചെയ്യുന്നത്. ബാവോലിയുടെ മുകളിൽ കനത്ത ചൂട് ഉണ്ടാകുമ്പോഴും പടവുകൾ ഇറങ്ങി താഴോട്ട് പോകുന്തോറും നല്ല തണുപ്പ് അനുഭവ പെടും. മഹാഭാരത കാലഘട്ടത്തിൽ അഗ്രസെൻ രാജാവ് നിർമ്മിച്ചത് എന്ന് കരുതുന്ന ഈ കിണർ മുൻപ് ഡൽഹി നഗരത്തിന്റെ ജല സംഭരണി ആയിരുന്നു. പിന്നീട് 14-ാം നൂറ്റാണ്ടിൽ ഇത് അഗർവാൾ സമൂഹം പുനർനിർമ്മിച്ചെന്നും അല്ല തുഗ്ലക്ക് ആണെന്നും രണ്ടു അഭിപ്രായം ഉണ്ട്.
വാസ്തുവിദ്യയുടെ അത്ഭുതങ്ങളില്‍ ഒന്നായി വിശേഷിപ്പിക്കുന്ന ഇതിന് 108 പടവുകൾ ആണുള്ളത്. ഏകദേശം അറുപതു മീറ്റർ നീളവും പതിനഞ്ചു മീറ്റർ വീതിയുമാണ് ഇതിനുള്ളത്. ഒരു ചെറിയ കോട്ട പോലെ കാണപ്പെടുന്ന ഈ പടവ് കിണറിന്‍റെ ചുവരുകൾ മന്ത്രങ്ങൾ കൊണ്ടാണ് കെട്ടിയതെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. ഇതിന്റെ ഉള്ളിലേക്ക് കയറിയാൽ പുറത്തു നിന്നുള്ള ഒരു ശബ്ദവും കേൾക്കില്ല എന്നൊരു പ്രത്യേകതയും ഉണ്ട്.
ബാവോലിയെ കുറിച്ച് നിരവധികഥകൾ ഉണ്ട്. ബവോലിയുടെ ജലനിരപ്പ് വർധിക്കുവാനും ജലക്ഷാമം ഒഴിവാക്കുവാനുമായി ഇവിടെ പെൺകുട്ടികളെ ബലി നൽകിയിരുന്നുവെന്നാണ് ഒരു കഥ. നിരവധി പേര് ഇവിടെ ആത്മഹത്യ ചെയ്തിരുന്നതായി പറയപ്പെടുന്നു. ഗതി കിട്ടാത്ത ആത്മാക്കളെ ദുർമന്ത്രവാദികൾ ഇവിടെ ആണ് കുടി ഇരുത്തിയതെന്നു വിശ്വസിക്കുന്നു. മന്ത്രവാദികൾ തങ്ങളുടെ രഹസ്യ പൂജകൾ ചെയ്തിരുന്ന ഒരു ഇടമായിരുന്നു ഇത്.
മറ്റൊന്ന് കിണറിലെ കറു കറുത്ത വെള്ളത്തിനു മനുഷ്യരെ ആകർഷിക്കാനുള്ള കഴിവ് ഉണ്ടെന്നും കറുത്ത വെള്ളത്തിലേക്ക് കുറച്ച് നേരം നോക്കി നിന്നാൽ ആത്മഹത്യ ചെയ്തു പോകുമെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇരുട്ട് വീണു കഴിഞ്ഞാൽ ഇവിടേക്ക് ആരും വരാറില്ല.
മരണങ്ങളും പൂജകളുമാണ് ഈ പടവ് കിണറിനെ ആളുകളിൽ നിന്ന് അകറ്റിയത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സംരക്ഷണം ഏറ്റെടുത്തതോടെ ബാവോലിയിൽ ജലം സംഭരിക്കാറില്ല.
അഗ്രസെൻ കി ബാവോലിയിൽ എത്താൻ ഏറ്റവും സൗകര്യപ്രദമായ മാർഗമാണ് ഡൽഹി മെട്രോ. ബാവോലിക്ക് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ, ബ്ലൂ ലൈനിൽ സ്ഥിതി ചെയ്യുന്ന ബരാഖംബ റോഡ് മെട്രോ സ്റ്റേഷനാണ്. അവിടെ നിന്ന് ഏകദേശം 10-15 മിനിറ്റ് നടന്നാൽ ബാവോലിയിലെത്താം.