Homepage Featured News World

ചൈനയ്ക്കും താക്കീത്; റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 100% തീരുവയെന്ന് ട്രംപ്

വാഷിങ്ങ്ടൺ: ലോക രാജ്യങ്ങൾക്ക് താക്കീതുമായി വീണ്ടും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇത്തവണ നിലപാട് കടുപ്പിച്ചിരിക്കുന്നത് ചൈനയ്ക്കെതിരെയാണ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ചൈനയ്ക്ക് 50 മുതൽ 100 ശതമാനം വരെ അധിക തീരുവ ഈടാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. നാറ്റോയിൽ അംഗങ്ങളായ രാജ്യങ്ങൾ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചാൽ മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ കഴിയൂ എന്നും ട്രംപ് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി. നാറ്റോയിലെ രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് ഞെട്ടിക്കുന്നതായി ട്രംപ് പറഞ്ഞു. ഇത് ആ രാജ്യങ്ങളുടെ വിലപേശൽ ശക്തി കുറയ്ക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ നേരത്തെ തന്നെ ഇന്ത്യയ്ക്ക് അധിക തീരുവയും പിഴച്ചുങ്കവും അമേരിക്ക ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയും അമേരിക്കയും തമ്മലുള്ള ബന്ധത്തിൽ സാരമായ വിള്ളലും വീണിരുന്നു. തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വ്യാപാര ബന്ധം പോലും വഷളാവുകയും റഷ്യയും ചൈനയുമായി ഇന്ത്യ അടുക്കുന്നതിനുള്ള നീക്കങ്ങളും സജീവമാകുകയും ചെയ്തു. മാത്രമല്ല ബ്രിക്സ് രാജ്യങ്ങളുമായി ഇന്ത്യ കൂടുതൽ വ്യാപാര നീക്കങ്ങളും സജീവമാക്കി. അപ്പോഴൊന്നും പക്ഷേ അമേരിക്ക ചൈനക്കെതിരെ നിലപാട് സ്വീകരിച്ചിരുന്നില്ല. ഇന്ത്യയേക്കാൾ കൂടുതൽ ചൈനയാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത്. എന്നിട്ടും ചൈനയ്ക്ക് ഉപരോധമോ തീരുവകളോ ചുമത്തിയിരുന്നില്ല. ഇത് അന്തർദേശീയ തലത്തിൽ തന്നെ ചർച്ചയായിരുന്നു.

റഷ്യയിൽനിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്നതിൽ ഒന്നാമതായി നിൽക്കുന്നത് ചൈനയാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് നാറ്റോ അംഗമായ തുർക്കിയുമാണ്. നാറ്റോ അംഗങ്ങളായ ഹംഗറിയും സ്ലോവാക്കിയയും എണ്ണ വാങ്ങുന്നുണ്ട്. ഇന്ത്യയേക്കാൾ ചൈനയാണ് റഷ്യയിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നതെങ്കിലും അതിന്റെ പേരിൽ ചൈനയ്ക്കുമേൽ പിഴത്തീരുവ യുഎസ് ചുമത്തിയിട്ടില്ല. 2024ൽ ഇന്ത്യ 5270 കോടി ഡോളറിന്റെ എണ്ണ ഇറക്കുമതി ചെയ്തപ്പോൾ ചൈന വാങ്ങിയത് 6260 കോടി ഡോളറിന്റെ എണ്ണയാണ്. യുഎസ് മാത്രം 330 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ റഷ്യയിൽനിന്നും കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തിട്ടുണ്ട്. യുഎസിന്റെ സഖ്യകക്ഷിയായ യൂറോപ്യൻ യൂണിയനും എണ്ണയടക്കം റഷ്യയുടെ ഉൽപ്പന്നങ്ങൾ വാങ്ങിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളോട് ഇന്ത്യക്കെതിരെ നിലപാട് കടുപ്പിക്കണം എന്ന ആവശ്യം അമേരിക്ക ഉന്നയിച്ചത്. എന്നാൽ അവരാരും ഇക്കാര്യത്തിൽ കൃത്യമായ പ്രതികരണം നടത്താൻ തയ്യാറായില്ല. ഉപരോധത്തിന് പറയുന്ന കാരണങ്ങളിൽ പ്രധാനം റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലാണെന്ന് വ്യക്തമായതോടെയാണ് ചൈനയ്ക്കെതിരും നിലപാട് കടുപ്പിക്കാൻ ട്രംപ് നിർബന്ധിതനായത്.

ഇന്ത്യ റഷ്യ ചൈന സംയുക്ത നീക്കത്തെ അമേരിക്ക ഭയക്കുന്നതിന്റെ കൂടി സൂചനയാണ് ഈ നീക്കം. ഷാങ്ഹായ് ഉച്ചകോടിക്കിടെ മൂന്ന് രാഷ്ട്രത്തലവൻമാരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ പ്രധാന അജണ്ട അമേരിക്കയുടെ നടപടിയാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു തുടർന്നുള്ള പ്രതികരണം. ഇന്ത്യയ്ക്ക് മേൽ ഉപരോധം ചുമത്തിയത് ഇന്ത്യാ പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിച്ചുവെന്ന ട്രംപിന്റെ അവകാശ വാദത്തെ ഇന്ത്യ തള്ളിയതാണ്. ഈ നീക്കത്തോടെ നൊബേൽ പുരസ്കാരമെന്ന ട്രംപിന്റെ മോഹത്തിന് തടയിട്ടതാണ് ഇന്ത്യയോടുള്ള പകയെന്നും വിമർശനം ഉയർന്നിരുന്നു. പിന്നാലെ പാക് സൈനിക മേധാവി അമേരിക്ക സന്ദർശിച്ചതും തുടർച്ചയായി ഇന്ത്യക്കെതിരെ പ്രകോപന പ്രസ്താവനകൾ നടത്തിയതും അമേരിക്കയുടെ മൗന സമ്മതത്തോടെയാണെന്ന വിമർശനവും വന്നു. അമേരിക്കയുടെ മണ്ണിൽ നിന്ന് മൂന്നാമത് ഒരു രാജ്യത്തിനെതിരെ നടത്തിയ പ്രകോപനപരമായ പ്രസ്താവനയോട് അമേരിക്ക തുടർന്ന മൗനം വലിയതോതിൽ അന്തർദേശീയ തലത്തിൽ ചർച്ചയായി.

തീരുവ ചുമത്തുമെന്ന ട്രംപിന്റെ പ്രസ്താവനയോട് തണുത്ത പ്രതികരണമാണ് ചൈനയ്ക്കുള്ളത്. അമേരിക്കയുടെ ഭീഷണിയോട് ആ തരത്തിൽ പ്രതികരിക്കേണ്ടതില്ലെന്നും ചൈന നിലപാടെടുത്തു. ചൈന ഒരു രാജ്യത്തിനുമെതിരായ യുദ്ധത്തിന്റെ ഭാഗമല്ലെന്നും യുദ്ധവുമായി ബന്ധപ്പെട്ട ഗൂഢാലോചനകളിൽ ഭാഗമല്ലെന്നും ചൈന മറുപടി നൽകി. അതുകൊണ്ട് തന്നെ അമേരിക്കയുടെ ഭീഷണി ചൈനയ്ക്ക് നേരെ വിലപോകില്ലെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Related Posts