Lead News News World

കുടിയേറ്റക്കാർക്കെതിരെ ലണ്ടനിലെ തെരുവുകൾ യുദ്ധക്കളമായി; പൊലീസുകാർക്കും ക്രൂരമർദനം

ലണ്ടൻ: തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിൻസൺ കുടിയേറ്റക്കാർക്കെതിരെ സംഘടിപ്പിച്ച യുണൈറ്റ് ദി കിംഗ്ഡം റാലിയിൽ കനത്ത സംഘർഷം ഉണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച നടന്ന റാലിയിൽ 110,000-ത്തിലധികം ആളുകൾ പങ്കെടുത്തു. പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടിയതോടെ പ്രതിഷേധക്കാർ അക്രമാസക്തരായി. റാലിയിൽ പങ്കെടുത്ത ആളുകൾ എറിഞ്ഞ കുപ്പികൾ നിരവധി ഉദ്യോഗസ്ഥരെ പരുക്കേൽപ്പിച്ചതായി മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആയിരത്തിലധികം ഉദ്യോഗസ്ഥരെ പിന്തുണയ്ക്കാൻ കൂടുതൽ പൊലീസിനെ നിരത്തിലിറക്കി.

ഇരുപത്തിയാറ് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു, ഒരാൾക്ക് മസ്തിഷ്കാഘാതം സംഭവിച്ചു, ആക്രമണം, ക്രിമിനൽ നാശനഷ്ടങ്ങൾ എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് 25 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ ഉത്സവം എന്ന് വിളിക്കപ്പെട്ട മാർച്ച് നടത്തിയവർ പരിപാടിക്കിടെ നടത്തിയ പ്രസംഗങ്ങൾ വംശീയ ഗൂഢാലോചന സിദ്ധാന്തങ്ങളും മുസ്ലീം വിരുദ്ധ അഭിപ്രായങ്ങളും പ്രചരിപ്പിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

ഇംഗ്ലീഷ് ചാനൽ കടന്ന് ബോട്ടുകളിൽ അനുമതിയില്ലാതെ കരയിലെത്തുന്ന കുടിയേറ്റക്കാരെച്ചൊല്ലി യുകെയിൽ തർക്കം നിലനിൽക്കുന്ന സമയത്താണ് ഈ മാർച്ചുകൾ നടക്കുന്നത്. ലണ്ടനിലെ ഒരു ഉൾപ്രദേശത്ത് 14 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് എത്യോപ്യൻ പൗരനെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് അഭയാർത്ഥികൾ താമസിക്കുന്ന ഹോട്ടലുകൾക്ക് പുറത്ത് നിരവധി കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾ നടന്നു. ആ പ്രതിഷേധങ്ങളിൽ ചിലത് അക്രമാസക്തമാവുകയും കൂടുതൽ പേരെ അറസ്റ് ചെയ്യുകയും ഉണ്ടായി.

ഈ വർഷം ഇംഗ്ലീഷ് ചാനൽ വഴി ചെറിയ ബോട്ടുകളിൽ 28,000-ത്തിലധികം കുടിയേറ്റക്കാർ രാജ്യത്ത് എത്തി. ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ കുടിയേറ്റം ഒരു പ്രധാന വിഷയമായി തുടരുകയാണ്. കഴിഞ്ഞ ശനിയാഴ്ച, പാലസ്തീൻ ആക്ഷൻ എന്ന പ്രതിഷേധ ഗ്രൂപ്പിനെ സർക്കാർ നിരോധിച്ചതിനെതിരെ നടന്ന പ്രകടനത്തിൽ ഏകദേശം 900 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വൻതോതിലുള്ള അനിയന്ത്രിതമായ കുടിയേറ്റത്തിലൂടെ ബ്രിട്ടന്റെ ദ്രുതഗതിയിലുള്ള നാശം സംഭവിക്കുകയാണെന്നാണ് ടെസ്‌ല സിഇഒയും എക്‌സ് ഉടമയുമായ എലോൺ മസ്‌ക് യുകെ സർക്കാരിനെ വിമർശിച്ചു കൊണ്ട് വീഡിയോയിൽ അഭിപ്രായപ്പെട്ടത്. നിങ്ങളും നമ്മളും നമ്മുടെ മുൻ കോളനികളാൽ കോളനിവൽക്കരിക്കപ്പെടുന്നു, എന്നാണ് ഫ്രഞ്ച് രാഷ്ട്രീയക്കാരനായ എറിക് സെമ്മൂർ പറഞ്ഞത്.

റാലിക്കു നേതൃത്വം നൽകിയ സ്റ്റീഫൻ യാക്സ്ലി-ലെനൻ എന്ന റോബിൻസൺ സ്ഥാപിച്ച ഇംഗ്ലീഷ് ഡിഫൻസ് ലീഗിന്റെ ആഹ്വാനപ്രകാരമാണ് റാലി നടത്തിയത്. ബ്രിട്ടനിലെ പ്രമുഖ തീവ്ര വലതുപക്ഷ വ്യക്തികളിൽ ഒരാളാണ് റോബിൻസൺ. യൂറോപ്പിൽ നിന്നുള്ള തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ള പ്രവർത്തകരിൽ ഭൂരിഭാഗവും കുടിയേറ്റത്തെ കേന്ദ്രീകരിച്ചാണ് റാലിയെ അഭിസംബോധന ചെയ്തത്. ഈ രാഷ്ട്രം കെട്ടിപ്പടുത്ത ബ്രിട്ടീഷ് പൊതുജനങ്ങളെക്കാൾ കുടിയേറ്റക്കാർക്ക് കോടതിയിൽ കൂടുതൽ അവകാശങ്ങളുണ്ടെന്ന് റോബിൻസൺ ആരോപിച്ചു.

യുണൈറ്റ് ദി കിംഗ്ഡം മാർച്ചിൽ, പങ്കെടുത്തവർ സെന്റ് ജോർജ്ജ് പതാകകളും യൂണിയൻ ജാക്കും വഹിച്ചുകൊണ്ട് “നമ്മുടെ രാജ്യം തിരികെ വേണം” എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു. റോബിൻസന്റെ അനുയായികൾ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെതിരെ മോശം പരാമർശങ്ങൾ നടത്തുകയും കൊല്ലപ്പെട്ട യുഎസ് പ്രവർത്തകൻ ചാർളി കിർക്കിന് പിന്തുണ അറിയിക്കുകയും ചെയ്തു.

Related Posts