Homepage Featured Kerala News

ആഗോള അയ്യപ്പ സംഗമം; തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മറയാക്കി സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയാണെന്ന് ആരോപിച്ചാണ് ഹര്‍ജി. തിരുവിതാംകൂർ ദേവസ്വത്തിന് അവകാശപ്പെട്ട ഫണ്ട് രാഷ്ട്രീയ പരിപാടികള്‍ക്കായി വിനിയോഗിക്കാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം നാളെ സുപ്രീം കോടതിയില്‍ ഉന്നയിക്കുമെന്നാണ് സൂചന.

അയ്യപ്പ ഭക്തനായ ഡോ പി എസ് മഹേന്ദ്ര കുമാറാണ് അയ്യപ്പസംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. അയ്യപ്പസംഗമം സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പരിപാടിയാണ്. നിരീശ്വരവാദികളായ രാഷ്ട്രീയക്കാരെ സംഗമത്തിലേക്ക് ക്ഷണിച്ചതില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്ന് മതേതര്വതം ആണ്. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിൽ മഹേന്ദ്രകുമാർ ഹർജി സമർപ്പിച്ചത്.

സർക്കാർ പരിപാടിയായ ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഇത് നിഷേധിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആഗോള മതസംഗമം നടത്താന്‍ ചട്ടപ്രകാരം കഴിയില്ല. ദേവസ്വം ബോര്‍ഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍ ക്ഷേത്ര ഫണ്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ഹര്‍ജിക്കാരുടെ മറ്റൊരു വാദം. ദേവസ്വം ഫണ്ട് ദൈവത്തിന് അവകാശപ്പെട്ടതാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ദേവസ്വംബോര്‍ഡ് ഫണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കോ, പ്രചാരണങ്ങള്‍ക്കോ വിനിയോഗിക്കാന്‍ പാടില്ല.

പമ്പ നദിയുടെ തീരപ്രദേശം പരിസ്ഥിതി ലോല മേഖലയാണ്. അവിടെ അയ്യപ്പ സംഗമം നടത്തുന്നത് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള മുന്‍ നിര്‍ദേശങ്ങളുടെ ലംഘനം ആണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സീനിയര്‍ അഭിഭാഷകന്‍ പി ബി കൃഷ്ണന്‍, അഭിഭാഷകന്‍ എം എസ് വിഷ്ണു ശങ്കര്‍ തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരാകുന്നത്.

ആഗോള അയ്യപ്പസംഗമത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ സുപ്രീം കോടതിയിലും ഹർജി എത്തിയത്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിനിടയിലും ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നതയുണ്ട്. ശബരമലയിലെ യുവതീപ്രവേശനത്തിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിലെ നിലപാട് എന്തെന്ന് വ്യക്തമാക്കിയ ശേഷം ഇക്കാര്യത്തിൽ സഹകരണം വ്യക്തമാക്കാമെന്ന നിലപാട് പ്രതിപക്ഷം ആദ്യഘട്ടത്തിലേ എടുത്തതും ഇതിന്റെ ഭാഗമാണ്. നേരത്തെ സുപ്രീം കോടതി വിധിയുടെ പേരിൽ യുവതികളെ പ്രവേശിപ്പിക്കാൻ അരയും തലയും മുറുക്കി രംഗത്തെത്തിയ സർക്കാർ ഇപ്പോൾ വോട്ട് ബാങ്ക് ലക്ഷ്യംവെച്ചാണ് ഇത്തരത്തിലൊരു സംഗമത്തിന് തയ്യാറാകുന്നത് എന്ന ആക്ഷേപവും ശക്തമാണ്.

രാഷ്ട്രീയമായും മതപരമായും വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ അയ്യപ്പസംഗമത്തിന്റെ കാര്യത്തിൽ കോടതിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് കരുതാം.. പരിപാടി സംഘടിപ്പിക്കുന്നത് കേരളത്തിലാണെങ്കിലും ഇത്തരത്തിലുള്ള പരിപാടികൾ തെറ്റായ സന്ദേശം നൽകുമെന്നും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തിനും ഇത് വിഘാതം സൃഷ്ടിക്കുമെന്നുമാണ് പ്രാധാമായും വിമർശകർ ഉന്നയിക്കുന്ന ആരോപണം.

Related Posts