Kerala Lead News News

സൈബർ ആക്രമണവും അപകീർത്തികമായ പരാമർശങ്ങളും; മുഖ്യമന്ത്രിക്ക് പരാതി നൽകി റിനി ആൻ ജോർജ്

രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ, ക്രൈം നന്ദകുമാ‍‍‍ർ അടക്കമുള്ളവർക്കെതിരെയാണ് പരാതി. സമൂഹമധ്യങ്ങളിലെ പരാമർശങ്ങൾക്കെതിരെ കേസെടുക്കണമെന്നാണ്  ആവശ്യം. വിവിധ ഓൺലൈൻ ചാനലുകളുടെ ലിങ്കുകൾ അടക്കമാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്ക് പുറമേ എറണാകുളം റൂറൽ എസ്.പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്കും പരാതി നൽകിയട്ടുണ്ട്. തനിക്കെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബർ ആക്രമണമാണെന്നും നടക്കുന്നത് പെയ്ഡ് ആക്രമണമെന്നും റിനി പറയുന്നു. 

നേരിട്ട് ആക്രമണം നടത്തുന്നവരെ മാത്രമല്ല പിന്നിൽ പ്രവർത്തിക്കുന്നവരെയും കണ്ടെത്തണം. തന്നെ മാത്രമല്ല തന്റെ പുരുഷ സുഹൃത്തുക്കളുടെ സ്വകാര്യതയെയും ഇത്  ബാധിക്കുന്നുണ്ട്. അത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. 

ജനപ്രതിനിധിയായ യുവനേതാവിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തിയതിന് ശേഷം റിനിക്കെതിരെ വ്യാപക സൈബർ ആക്രമണമാണ് ഉണ്ടായത്.  യുവ നേതാവ് അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നുമാണ് റിനി ആൻ ജോര്‍ജ് വെളിപ്പെടുത്തല്‍ നടത്തിയത്. നേതാവിന്‍റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ആ വ്യക്തി ഉൾപ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞിരുന്നു. 

റിനിയുടെ തുറന്നുപറച്ചിലിനു ശേഷം പല സൈബർ ഗ്രൂപ്പുകളിൽ  നിന്നും റിനിക്കെതിരെ നിരന്തരമായ  ആക്രമണം ഉണ്ടായി. പരാതിയിൽ പറയുന്നവർ തന്റെ പേരെടുത്ത് പറഞ്ഞാണ്  വിഡിയോകൾ ചെയ്തതെന്നും റിനിയുടെ  പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ  യുട്യൂബ് ചാനലുകളുടെ പേരും വിഡിയോകളുടെ ലിങ്കും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.

Related Posts