Homepage Featured News World

റഷ്യയിൽ സുനാമി സാധ്യത; കാംചത്ക മേഖലയിൽ ഭൂകമ്പം

മോസ്കോ: റഷ്യയിലെ കാംചത്ക മേഖലയിലെ കിഴക്കൻ തീരത്ത് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് ഏകദേശം 190 മൈൽ ചുറ്റളവിലുള്ള റഷ്യയുടെ തീരങ്ങളിൽ വേലിയേറ്റ നിരപ്പിൽ നിന്ന് 0.3 മുതൽ 1 മീറ്റർ വരെ ഉയരത്തിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്, നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ യുഎസ് സുനാമി മുന്നറിയിപ്പ് സിസ്റ്റം അറിയിച്ചു.

കാംചത്ക ഉപദ്വീപിന്റെ കിഴക്കൻ തീരത്ത് 25 മൈൽ ആഴത്തിലായിരുന്നു ഭൂകമ്പം. ഏകദേശം 165,000 ജനസംഖ്യയുള്ള തുറമുഖ നഗരമായ പെട്രോപാവ്‌ലോവ്‌സ്ക്-കാംചാറ്റ്‌സ്‌കിയിൽ നിന്ന് ഏകദേശം 70 മൈൽ കിഴക്കായിരുന്നു പ്രഭവകേന്ദ്രം. ഭൂചലനത്തിൽ പരിഭ്രാന്തരായ നഗരവാസികൾ, വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും ഷോപ്പിംഗ് സെന്ററുകളിൽ നിന്നും പുറത്തേക്ക് ഓടിയെത്തിയതായി റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസികളിലൊന്നായ ആർഐഎ നോവോസ്റ്റി അറിയിച്ചു.

സുനാമി ഭീഷണി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ബീച്ചുകളിൽ ജാഗ്രത പാലിക്കണമെന്നും കാംചത്ക ക്രായ് മേഖലയിലെ ഗവർണർ വ്‌ളാഡിമിർ സോളോഡോവ് പ്രസ്താവനയിൽ പറഞ്ഞു. ജൂലൈയിൽ, ഈ മേഖലയിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു അത്.

Related Posts