കുറ്റിക്കോൽ: കാസർഗോഡ് ജില്ലയിലെ കുറ്റിക്കോലിൽ നാടിനെ ഞെട്ടിച്ച സംഭവങ്ങളാണ് വെള്ളിയാഴ്ച അരങ്ങേറിയത്. ഗ്രഹനാഥനെ വിടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിന് വെട്ടേറ്റ മുറിവുമായി സഹായമഭ്യർത്ഥിച്ച് എത്തിയ ഭാര്യയെ നാട്ടുകാർ ആശുപത്രിയലുമെത്തിച്ചു. ഇതൊന്നും അറിയാതെ ഉറങ്ങുകയായിരുന്നു വീടിനുള്ളിൽ രണ്ട് പിഞ്ചോമനകൾ. കുറ്റിക്കോല്‍ പയന്തങ്ങാനം കെ.സുരേന്ദ്രന്‍ (50) ആണ് മരിച്ചത്. പരിക്കേറ്റ ഭാര്യ സിമി കാസര്‍ഗോഡ് ചെങ്കളയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവ പരമ്പരകളുടെ തുടക്കം. കഴുത്തിന്റെ മുന്‍ഭാഗത്ത് വാക്കത്തികൊണ്ടേറ്റം മുറിവുമായി സഹായം അഭ്യർത്ഥിച്ച് സിമി അയൽക്കാരെ സമീപിക്കുകയായിരുന്നു. ഭര്‍ത്താവാണ് തന്നെ വെട്ടിയതെന്നും സിമി അറിയിച്ചു. സിമിയെ ആശുപത്രിയിലെത്തിച്ച ശേഷം വിവരമറിഞ്ഞ് വീടിനടുത്തുള്ള ബന്ധുക്കള്‍ സുരേന്ദ്രനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് വീടിനകത്ത് ഏണിപ്പടിയുടെ കൈവരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
ഇവരുടെ ഒന്നര വയസ്സും അഞ്ച് വയസ്സുമുള്ള മക്കള്‍ അടുത്ത മുറിയില്‍ കിടക്കുകയായിരുന്നു. വെട്ടേറ്റ സിമി വീട്ടില്‍നിന്ന് ഇറങ്ങിയശേഷം സുരേന്ദ്രന്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏറെക്കാലം പ്രവാസിയായിരുന്ന സുരേന്ദ്രന്‍ മൂന്നുവര്‍ഷമായി കുറ്റിക്കോലില്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. അസ്വാഭാവിക മരണത്തിന് ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.