ജീവിതത്തിൽ അപ്രതീക്ഷിത ചെലവുകൾ ഏതു സാഹചര്യത്തിലും വരാം. അതിനാൽ തന്നെ ഏതെകിലും നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിക്കുന്നത് സുരക്ഷിത മാർഗമാണ്. വ്യത്യസ്ത പലിശ നിരക്കിൽ നിരവധി ബാകുകൾ നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പോസ്റ്റ് ഓഫീസും ഉയർന്ന പലിശ നിരക്കിൽ നിക്ഷേപ പദ്ധതികൾ നൽകുന്നുണ്ട്. പോസ്റ്റ് ഓഫീസ് റെക്കറിങ് ഫണ്ട്, പ്രതിമാസ വരുമാന പദ്ധതി, കിസാൻ വികാസ് പത്ര എന്നിവ അവയിൽ ചിലതാണ്.
പോസ്റ്റ് ഓഫിസിന്റെ കിടിലനൊരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. ഈ സ്കീം വഴി പ്രതിമാസം 9,250 രൂപ നിങ്ങൾക്ക് നേടാനാകും. ഒരു നിശ്ചിത തുക ഒറ്റത്തവണയായി ഈ പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ നിങ്ങൾക്ക് പ്രതിമാസം നല്ലൊരു തുക കൈയിൽ കിട്ടും. ഒറ്റതവണയായി 15 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ പ്രതിമാസം നിങ്ങൾക്ക് 9,250 രൂപ കിട്ടും.
ഈ പദ്ധതിയുടെ പ്രധാന സവിശേഷതകൾ
വിശ്വസനീയത: കേന്ദ്ര ഗവൺമെന്റിന്റെ പിന്തുണയുള്ള പദ്ധതിയായതിനാൽ വളരെ വിശ്വസനീയവും സുരക്ഷിതവുമാണ്.
പ്രതിമാസ വരുമാനം: നിക്ഷേപിക്കുന്ന തുകയ്ക്ക് ഓരോ മാസവും പലിശ ലഭിക്കുന്നു.
കാലാവധി: ഈ പദ്ധതിയുടെ കാലാവധി 5 വർഷമാണ്.
യോഗ്യത: ഏതൊരു ഇന്ത്യൻ പൗരനും ഈ പദ്ധതിയിൽ പങ്കാളിയാകാം, എന്നാൽ പ്രവാസികൾക്ക് അനുയോജ്യമല്ല.
മിനിമം നിക്ഷേപം: കുറഞ്ഞത് 1,000 രൂപ നിക്ഷേപിക്കാം, ഇത് 1000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കണം.
പരമാവധി നിക്ഷേപം: ഒറ്റത്തവണ നിക്ഷേപം ഒരു അക്കൗണ്ടിന് 9 ലക്ഷം രൂപ വരെയാണ്, ജോയിന്റ് അക്കൗണ്ടുകൾക്ക് 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം
പലിശ നിരക്ക്
2025-26 സാമ്പത്തിക വർഷത്തിൽ ഈ പദ്ധതിക്ക് വാർഷിക പലിശ നിരക്ക് 7.40% ആണ്. ഉദാഹരണത്തിന്, 9 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 5,550 രൂപ വരുമാനം ലഭിക്കും.
ജോയിന്റ് അക്കൗണ്ടിൽ പ്രായപൂർത്തിയായ മൂന്ന് പേർക്കുവരെ ചേരാവുന്നതാണ്. പ്രതിമാസ വരുമാന പദ്ധതിയിൽ ചേർന്ന് ഒരു വർഷം തികയാതെ നിക്ഷേപകന് പണം പിൻവലിക്കാൻ സാധിക്കില്ല. കാലാവധി കഴിയും മുൻപ് പദ്ധതിയിൽ നിന്ന് പിൻമാറാൻ പ്രധാനമായും രണ്ട് നിബന്ധനകളുണ്ട്. 1. അക്കൗണ്ട് ആരംഭിച്ച് ഒന്ന് മുതൽ മൂന്ന് വർഷത്തിനിടയിലാണ് നിങ്ങൾ പദ്ധതിയിൽ നിന്ന് പിൻമാറാൻ തീരുമാനിക്കുന്നതെങ്കിൽ പലിശയിനത്തിൽ രണ്ട് ശതമാനം കഴിഞ്ഞ് ബാക്കി തുക മാത്രമേ ലഭിക്കൂ. അക്കൗണ്ട് ആരംഭിച്ച് മൂന്ന് മുതൽ അഞ്ച് വർഷത്തിനിടയിലാണ് നിങ്ങൾ പദ്ധതിയിൽ നിന്ന് പണം പിൻവലിക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ ആകെ പലിശയുടെ ഒരു ശതമാനം ഒഴികെയുളള തുക മാത്രമേ ലഭിക്കൂ.