വാഷിങ്ങ്ടൺ ഡിസി: തന്റെ അടുത്ത അനുയായി ചാർളി കിർക്കിനെ വെടിവച്ചു കൊന്ന കേസിൽ പ്രതിയെ കസ്റ്റഡിയിലെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹീനമായ കൊലപാതകമെന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് പ്രതിയെ കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. പ്രതി വെടിയുതിർത്ത റൈഫിൾ അന്വേഷണ സംഘം കണ്ടെത്തി. അക്രമിയുടെ ഫോട്ടോകളും വീഡിയോയും എഫ്ബിഐ പുറത്തുവിട്ടിട്ടുണ്ട്. കിർക്കിനെ കൊല്ലാൻ ഉപയോഗിച്ച ബോൾട്ട്-ആക്ഷൻ റൈഫിൾ കണ്ടെത്തിയതായി യുഎസ് അന്വേഷണ സംഘം വിവരങ്ങൾ പങ്കുവച്ചിരുന്നു. പിന്നാലെയാണ് ഒരു സ്വകാര്യ ചാനലിന് നൽകിയ പ്രതികരണത്തിൽ ട്രംപിന്റെ വെളിപ്പെടുത്തൽ.
ചാർളി കിർക്ക് കൊലപാതകത്തിന് പിന്നിലെ പ്രതി ടൈലർ റോബിൻസൺ ആണെന്ന് എഫ്ബിഐ അറിയിച്ചു. 22 കാരനായ യൂട്ടാ സ്വദേശിയെ അയാളുടെ പിതാവ് തന്നെ പൊലീസിനെ ഏൽപ്പിച്ചതായി നിയമപാലകർ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.പ്രതിക്ക് വധശിക്ഷ നൽകണമെന്നും യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടു.പ്രതിയുടെ അറസ്റ്റിനെക്കുറിച്ച് എഫ്ബിഐയോ യുഎസ് നീതിന്യായ വകുപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കറുത്ത ടോപ്പും കറുത്ത സൺഗ്ലാസും ഇരുണ്ട ബേസ്ബോൾ തൊപ്പിയും ധരിച്ച ആളായിരുന്നു കൊലപാതകി. ഇയാളുടെ ചിത്രങ്ങൾ സുരക്ഷാ ക്യാമറകളിൽ നിന്ന് എടുത്തതായി എഫ്ബിഐ പ്രതികരിക്കുന്നു. കിർക്ക് നടത്തിയ സംവാദം തുടങ്ങുന്നതിന് മിനിട്ടുകൾക്ക് മുൻപാണ് കൊലയാളി ഇവിടേക്ക് എത്തിയതെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വെടിയുതിർത്ത ശേഷം ഇയാൾ ഓടി മറയുകയായിരുന്നു.
കിർക്കിന് നേർക്ക് വെടിവെയ്ക്കുന്നതിന് മുൻപ് സമീപത്തെ മേൽക്കൂരയിലേക്ക് കയറാൻ ഒരാൾ ശ്രമിക്കുന്നതും സെക്യൂരിറ്റി ക്യാമറയിൽ പതിഞ്ഞിരുന്നു. സദസിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടയിലാണ് ചാർലി കിക്കിന്റെ കഴുത്തിന് വെടിയേൽക്കുന്നത്. ഏകദേശം 3000ത്തിലധികം വിദ്യാർത്ഥികൾ അടക്കമുള്ളവർ പങ്കെടുത്ത സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
















