Cinema Entertainment Homepage Featured

മൂത്തോനായി മമ്മൂട്ടിയെത്തുമ്പോള്‍; ലോകഃ യൂണിവേഴ്‌സിന്റെ സാധ്യതകള്‍

ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര 200 കോടിയും കടന്ന് മുന്നേറുകയാണ്. മലയാളത്തില്‍ നിന്നൊരു സൂപ്പര്‍ഹീറോ യൂണിവേഴ്‌സ്, അതും പ്രാദേശിക മിത്തുകളെ മോഡേണ്‍ വേള്‍ഡിലേക്ക് ബ്ലെന്‍ഡ് ചെയ്തുകൊണ്ട് ! മലയാള സിനിമയ്ക്കു സാധ്യതകളുടെ ലോകം തുറന്നിട്ടിരിക്കുകയാണ് ലോകഃയിലൂടെ നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാന്‍.

ലോകഃയുടെ സാധ്യതകള്‍

അഞ്ച് ഭാഗങ്ങളാണ് ലോകഃയ്ക്കുള്ളത്. ആദ്യ ചാപ്റ്റര്‍ എന്ന നിലയിലാണ് ചന്ദ്ര എത്തിയിരിക്കുന്നത്. എല്ലാ ചാപ്റ്ററുകളിലും സൂപ്പര്‍ഹീറോസിന്റെ കഥയാണ് സിനിമ പറയുക. അടുത്ത ചാപ്റ്ററില്‍ പ്രധാന കഥാപാത്രമാകുക ടൊവിനോ തോമസ്. ആദ്യ ചാപ്റ്ററിലെ ചന്ദ്ര നീലി ആയിരുന്നെങ്കില്‍ രണ്ടാം ചാപ്റ്ററിലേക്ക് എത്തുമ്പോള്‍ അത് ചാത്തന്‍മാരുടെ കഥയായിരിക്കും. 2026 ലായിരിക്കും ലോകഃ – ചാപ്റ്റര്‍ 2 ഷൂട്ടിങ് ആരംഭിക്കുക. ഈ പ്രൊജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

മൂത്തോനായി മമ്മൂട്ടി?

ലോകഃ യൂണിവേഴ്‌സിന്റെ തലവന്‍ അഥവാ മൂത്തോന്‍ മമ്മൂട്ടിയാണെന്ന് ഇതിനോടകം അണിയറപ്രവര്‍ത്തകര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടാം ചാപ്റ്ററില്‍ മമ്മൂട്ടിയുടെ മൂത്തോന്‍ എന്ന കഥാപാത്രത്തെ റിവീല്‍ ചെയ്യാനാണ് സാധ്യത. ഇതോടെ ചിത്രത്തിന്റെ ഹൈപ്പ് ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ഇരട്ടിയാകും.

മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്നു !

മലയാള സിനിമ കാത്തിരുന്ന കൂട്ടുകെട്ടും ലോകഃ യൂണിവേഴ്‌സിലൂടെ കാണാം. മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒന്നിക്കുന്നു. ലോകഃ യൂണിവേഴ്‌സില്‍ ദുല്‍ഖര്‍ ഭാഗമാണെന്ന് പ്രേക്ഷകര്‍ക്ക് അറിയാം. അതിനൊപ്പം മമ്മൂട്ടിയും എത്തുമ്പോള്‍ ചിത്രം വലിയ രീതിയില്‍ ചര്‍ച്ചയാകും.

ചാപ്റ്റര്‍ മൂന്നില്‍ ആയിരിക്കും മമ്മൂട്ടിയുടെ മൂത്തോന്‍ എന്ന കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുക. മമ്മൂട്ടിയും ദുല്‍ഖറും ആയിരിക്കും മൂന്നാം ഭാഗത്തില്‍ പ്രധാന വേഷങ്ങളില്‍.

ചന്ദ്ര ചെറുത് !

ലോകഃ യൂണിവേഴ്‌സില്‍ ഇനി വരാനിരിക്കുന്ന സൂപ്പര്‍ഹീറോകളെല്ലാം ചന്ദ്രയേക്കാള്‍ പവര്‍ഫുള്‍ ആയിരിക്കുമെന്ന് സംവിധായകന്‍ ഡൊമിനിക് അരുണ്‍ തന്നെ സ്ഥിരീകരിച്ചു. വരാനിരിക്കുന്ന ചാപ്റ്ററുകളില്‍ മലയാളത്തിലെ ഏറ്റവും മൂല്യമേറിയ താരങ്ങള്‍ എത്തുമെന്ന സൂചന നല്‍കുന്നതാണ് സംവിധായകന്റെ വാക്കുകള്‍. ‘ ആദ്യ ചാപ്റ്ററിനെ ഏറ്റവും ഗ്രൗണ്ടണ്ട് ആയി എങ്ങനെ നിര്‍ത്താമെന്ന തീരുമാനത്തിലായിരുന്നു. കാരണം ഇതിനകത്തെ ഏറ്റവും ചെറിയ സൂപ്പര്‍ഹീറോയാണ് ചന്ദ്ര. ഇനി വരാന്‍ പോകുന്നതൊക്കെ…കൂടുതല്‍…ആയിരിക്കണം..അങ്ങനെ ആണ്,’ ഡൊമിനിക് അരുണ്‍ പറഞ്ഞു.

ദുല്‍ഖറിന്റെ പാന്‍ ഇന്ത്യന്‍ ട്രിക്ക്

ലോകഃയെ മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ സിനിമയാക്കുകയെന്ന ലക്ഷ്യം നിര്‍മാതാവ് കൂടിയായ ദുല്‍ഖറിനു തുടക്കം മുതലേ ഉണ്ടായിരുന്നു. ചന്ദ്രയ്ക്കു വളരെ ചെറിയ രീതിയില്‍ മാത്രം ഹൈപ്പ് ഉണ്ടാക്കി റിലീസിനു ശേഷം കളംപിടിക്കുകയെന്ന തന്ത്രമായിരുന്നു ദുല്‍ഖറിന്റേത്. അതില്‍ ദുല്‍ഖര്‍ പൂര്‍ണമായി വിജയിക്കുകയും ചെയ്തു. ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര കേരളത്തിനു പുറത്തും ഇപ്പോള്‍ ചര്‍ച്ചാ വിഷയമാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നിന്നും ചിത്രത്തിനു മികച്ച കളക്ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. ഈ സ്വീകാര്യത മുതലെടുത്ത് അടുത്ത ചാപ്റ്ററുകളെ പാന്‍ ഇന്ത്യനാക്കി റിലീസ് ചെയ്യാന്‍ ദുല്‍ഖറിനു സാധിക്കും. മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്ന എന്ന ടാഗ് ലൈനും ലോകഃയുടെ വരാനിരിക്കുന്ന ചാപ്റ്ററുകള്‍ക്ക് ബോക്‌സ്ഓഫീസ് കീഴടക്കാനുള്ള സാധ്യത തുറക്കും.

Related Posts