അടൂർ: ഡിവൈഎഫ്ഐ നേതാവ് ജോയലിന്‍റെ മരണത്തിനുത്തരവാദി സിപിഎം പ്രാദേശിക നേതാക്കളാണെന്നും നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും പിതാവ് കെ കെ ജോയ്കുട്ടി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി രഹസ്യങ്ങൾ ജോയൽ പുറത്ത് പറയുമോ എന്ന ഭയംമൂലം സിപിഎം പ്രാദേശിക നേതാക്കളാണ് പൊലീസ് മർദനത്തിന് ഒത്താശ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.
2020 ജനുവരി ഒന്നിന് പൊലീസ് മർദനമേറ്റ നെല്ലിമുകൾ കൊച്ചുമുകൾ ജോയൽ നാല് മാസത്തിന് ശേഷം മേയ് 22നാണ് മരിച്ചത്. കസ്റ്റഡി മർദ്ദനത്തെ തുടർന്നാണ് ജോയലിന്റെ മരണം എന്നാണ് കുടുംബം ആരോപിക്കുന്നത്. മർദനം തടയാൻ ചെന്ന ജോയലിന്റെ പിതൃസഹോദരി കെ കെ കുഞ്ഞമ്മയെയും പൊലീസ് തല്ലിച്ചതച്ചു.
2020ൽ വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ജോയലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിൽ കഴിയവേ മർദ്ദനമേറ്റ ജോയലിനു ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ നേരിട്ടു. ശാരീരിക അവശതകളെ തുടർന്ന് 2020 മേയ് 22 നാണ് ജോയൽ മരിച്ചത്. 2020 ൽ നടന്ന സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഏറെ ദുരൂഹതയുള്ള കേസിൽ പുനരന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ ഹൃദയാഘാതത്തെ തുടർന്നാണ് ജോയൽ മരിച്ചതെന്നും പാർട്ടിക്ക് സംഭവവുമായി ഒരു ബന്ധമില്ലെന്നും സിപിഎം നേതൃത്വം പ്രതികരിച്ചു.