Homepage Featured Kerala News

ആ​ഗോള അയ്യപ്പ സം​ഗമത്തിന് പിന്നാലെ ന്യൂനപക്ഷ സം​ഗമം; ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്ന് ന്യൂനപക്ഷ സംഘടനകൾ

തിരുവനന്തപുരം: ആ​ഗോള അയ്യപ്പ സം​ഗമത്തിന് പിന്നാലെ ന്യൂനപക്ഷ സം​ഗമം നടത്താൻ സർക്കാർ നീക്കം. ഒക്ടോബറിലാകും സം​ഗമം സംഘടിപ്പിക്കുക. കൊച്ചിയോ കോഴിക്കോടോ വേദിയാകുമെന്നാണ് സൂചനയെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാരിന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്ന് പ്രതികരിച്ച് ന്യൂനപക്ഷ സംഘടനകൾ രം​ഗത്തെത്തി.‌ ഭൂരിപക്ഷ ഹിന്ദു വോട്ടുകൾ അയ്യപ്പ സം​ഗമത്തിലൂടെ ഇടത് പക്ഷത്തിലേക്ക് സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് അയ്യപ്പ സം​ഗമം എന്ന ആക്ഷേപം ഉയരവേയാണ് ന്യൂനപക്ഷ സം​ഗമത്തിനായി സർക്കാർ ഒരുങ്ങുന്നത്. ഭൂരിപക്ഷ വോട്ടുകൾ നേടുന്നതിനാെപ്പം ന്യൂനപക്ഷ വോട്ടുകൾ കൂടി അടുപ്പിക്കുകയെന്നതാണ് സൂചന. അതിനാൽ തന്നെയാണ് കോഴിക്കോട് വേദിയാക്കാൻ സർക്കാർ ആലോചനകൾ നീങ്ങുന്നത്. ക്രിസ്ത്യൻ- മുസ്ലീം സംഘടനകളെ കാണുകയും സം​ഗമത്തിനായി ക്ഷണിക്കാനുമാണ് സർക്കാർ ഒരുങ്ങുന്നത്.

ഹിന്ദുവോട്ടുകൾ നടത്താൻ ലക്ഷ്യമിട്ടുള്ള സർക്കാർ അജണ്ടയാണെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് ന്യൂനപക്ഷ സം​ഗമം നടത്താനും സർക്കാർ നീക്കം. ഇതോടെ ബിജെപി, കോൺ​ഗ്രസ് കക്ഷികൾ ഉന്നയിച്ച ആരോപണങ്ങൾ വെറുതെയാകുമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ. 1500 പ്രതിനിധികളെ ഉൾക്കൊള്ളുന്ന വിപുലമായ പരിപാടി തന്നെ സംഘടിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. മിഷൻ 2031എന്ന പേരിലാകും സം​ഗമം സംഘടിപ്പിക്കുക. എന്നാൽ സർക്കാർ നീക്കത്തിൽ ആസൂത്രിത സ്വഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചില ന്യൂനപക്ഷ സംഘടനകൾ രം​ഗത്തെത്തിക്കഴിഞ്ഞിരിക്കുന്നത്.

അതേ സമയം ആ​ഗോള അയ്യപ്പ സം​ഗമത്തിന് ഹൈക്കോടതി പച്ചക്കൊടി കാട്ടിയത് സർക്കാരിന് ആശ്വാസമാണ്. ഹിന്ദുവോട്ട് ബാങ്ക് അടുപ്പിക്കാനുള്ള സർക്കാർ നീക്കമാണെന്ന ആക്ഷേപം എത്തുമ്പോഴാണ് ഹൈക്കോടതി നിരീക്ഷണവും എത്തിയത്. അയ്യപ്പസം​ഗമത്തെ എൻഎസ്എസും , എസ്എൻഡിപിയും അനുകൂലിച്ച് രം​ഗത്തെത്തിയിരുന്നു. ശബരിമലയുടെ വികസന പ്രവർത്തനങ്ങൾക്ക് അയ്യപ്പ സം​ഗമം വേദിയാകുമെങ്കിൽ ഒപ്പമുണ്ടെന്നാണ് എൻഎസ്എസ് തീരുമാനം. എസ്എൻഡിപിയും അയ്യപ്പ സം​ഗമത്തെ സ്വാ​ഗതം ചെയ്തിരുന്നു.

Related Posts