Homepage Featured India News

പണം നൽകിയുള്ള രാഷ്ട്രീയ പ്രചാരണം; ഇ 20 പെട്രോളിനെക്കുറിച്ചുള്ള ആശങ്കകൾ തള്ളിക്കളയണമെന്ന് ​ഗഡ്​കരി

ന്യൂഡൽഹി: സർക്കാരിന്റെ ഇ 20 പെട്രോളിൽ ആശങ്കകൾ ഒഴിവാക്കണമെന്ന് കേന്ദ്ര ഉപരിതല ​ഗത​ഗാത വകുപ്പ് മന്ത്രി നിതിൻ ​ഗഡ്കരി. ഡൽഹിയിൽ നടന്ന സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) 65-ാമത് വാർഷിക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബയോ ഇന്ധനം ഉപയോഗിക്കുന്നതിനെതിരെ പെട്രോളിയം രംഗം ലോബിയിംഗ് നടത്തുകയാണെന്നും ഇ 20 പെട്രോളിനെക്കുറിച്ചുള്ള ആശങ്കകൾ ഓൺലൈനിൽ പെരുപ്പിച്ചു കാണിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇ 20 പെട്രോൾ സുരക്ഷിതമാണെന്നും റെഗുലേറ്റർമാരുടെയും വാഹന നിർമ്മാതാക്കളുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പണം നൽകിയുള്ള രാഷ്ട്രീയ പ്രചാരണമാണ് തുടരുന്നതെന്നും അഭ്യൂഹങ്ങളെ തള്ളിക്കളയണമെന്നും അദ്ദേഹം പ്രതികരിച്ചു.

“ഇ 20 പ്രോഗ്രാമിനെക്കുറിച്ച് എ.ആർ.എ.ഐയും സുപ്രീം കോടതിയും വ്യക്തത നൽകിയിട്ടുണ്ട്. രാഷ്ട്രീയമായി ലക്ഷ്യം വച്ചുള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ തുടരുകയാണ്. പണം നൽകിയുള്ള പ്രചാരണമായിരുന്നു, അതിനാൽ ശ്രദ്ധിക്കരുത്” നിതിൻ ​ഗഡ്കരി പറഞ്ഞു. പെട്രോളിനെക്കാൾ ചിലവ് കുറഞ്ഞ തദ്ദേശീയമായ ബദലാണ് ഇ 20. 22 ലക്ഷം കോടി രൂപയുടെ ഫോസിൽ ഇന്ധനമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇത് ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ ആ​ഗ്രഹമെന്നും ​ഗഡ്​കരി പ്രതികരിച്ചു. പുതിയ ഇന്ധനം മൈലേജ് കുറയ്ക്കുകയും ഉയർന്ന എത്തനോൾ മിശ്രിതങ്ങൾ ഉപയോ​ഗിക്കാൻ കഴിയാത്ത വാഹനങ്ങൾക്ക് തിരിച്ചടിയാകുമെന്നുമാണ് വാഹന ഉടമകൾ അവകാശപ്പെടുന്നത്. എന്നാൽ വിഷയത്തിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ​ഗഡ്കരി വ്യക്തമാക്കി.

Related Posts