ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഹില്‍ സ്റ്റേഷനുകളിലൊന്നാണ് ഡാർജീലിങ്ങ് . പശ്ചിബംഗാളിന്റെ സൗന്ദര്യം മുഴുവനായും ആവാഹിച്ച് നിൽക്കുന്ന ഈ കുന്നിൻ പ്രദേശം എത്ര കണ്ടാലും മതിവരാത്ത ഒരിടം കൂടി ആണ്. ഡാർജീലിങ്ങിലെ പ്രദേശങ്ങള്‍ക്ക് ഓരോ സീസണിലും ഓരോ ഭാവങ്ങളാണ്. അതുകൊണ്ട് തന്നെ സഞ്ചാരികളുടെ പറുദീസയാണ് ഡാർജീലിങ്ങ്
ബ്രിട്ടീഷുകാരുടെ കാലത്താണ് ഡാർജീലിങ്ങ് ഒരു സുഖവാസ കേന്ദ്രമായത്. മഞ്ഞുമൂടിയ കൊടുമുടികളും തേയില തോട്ടങ്ങളും സുഖകരമായ കാലാവസ്ഥയും പ്രദാനം ചെയ്യുന്ന ഡാർജീലിങ്ങ് നല്ലൊരു ട്രാവൽ ഡെസ്റ്റിനേഷൻ കൂടി ആണ്.
ഹിമാലയത്തിലെ ശിവാലിക് മലനിരകളിൽ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 6,709 അടി ഉയരത്തിലാണ് ഡാർജീലിങ്ങ് സ്ഥിതി ചെയ്യുന്നത്. ഇടിവെട്ടിന്റെ നാട് എന്നർത്ഥം വരുന്ന ഡോർജെ, ലിങ്ങ് എന്ന ടിബറ്റൻ വാക്കുകളിൽ നിന്നാണ് ഡാർജിലിങ്ങ് എന്ന പേര് ഉണ്ടായത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പർവതനിരയായ കാഞ്ചന്‍ജംഗയുടെ വിദൂര ദൃശ്യങ്ങൾ ഡാർജീലിങ്ങിൽ നിന്നും കാണാൻ കഴിയും. ഈ കാഴ്ച തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
ഡാർജീലിങ്ങിലെ പ്രധാന ആകർഷണങ്ങൾ
ടോയ് ട്രെയിൻ
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന ടോയ് ട്രെയിൻ ഡാർജീലിങ്ങിന്റെ ഒരു സവിശേഷതയാണ്. സിൽഗുരി, ഡാർജിലിംഗ് എന്നി നഗരങ്ങളെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടി പാതയാണ് ഇത്. തേയിലത്തോട്ടങ്ങൾ, മഞ്ഞുമൂടിയ താഴ്വരകൾ, കാഞ്ചൻജംഗ കൊടുമുടി എന്നിവയിലൂടെയാണ് ഈ ടോയ് ട്രെയിൻ കടന്നു പോകുന്നത്. 1999 ൽ ഡാർജീലിങ്ങ് ഹിമാലയൻ റെയിൽവേ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയിരുന്നു.
ബറ്റാസിയ ലൂപ്
ഡാര്‍ജിലിങ്ങില്‍ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെയുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രവും ചരിത്രപരമായ എൻജിനീയറിങ് വിസ്മയവുമാണ് ബറ്റാസിയ ലൂപ്പ്. ഡാർജീലിങ്ങ് മലനിരകളുടെ ചരിവ് കുറച്ച് ട്രെയിൻ ഒരു വൃത്ത പാതയിൽ കറങ്ങുമ്പോൾ നഗരത്തിൻ്റെ 360 ഡിഗ്രി കാഴ്ച ഇവിടെ നിന്ന് കാണാൻ സാധിക്കും.
ടൈഗര്‍ ഹില്‍
സമുദ്ര നിരപ്പില്‍ നിന്ന് 2590 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഡാര്‍ജിലിംഗ് പട്ടണത്തില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയാണ്. കാഞ്ചന്‍ജംഗയ്ക്ക് മുകളിലൂടെ ദൃശ്യമാവുന്ന സൂര്യോദയമാണ് ഈ സ്ഥലത്തെ പ്രശസ്തിയിൽ എത്തിച്ചത്.
പദ്മജ നായ്ഡു ഹിമാലയന്‍ സൂ (ഡാര്‍ജിലിംഗ് സൂ)
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മൃഗശാലയാണ് ഇത്. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളില്‍ കാണപ്പെടാത്ത ഹിമപ്പുലി, റെഡ് പാണ്ഡ, ഹിമ ചെന്നായ തുടങ്ങി മൃഗങ്ങളെ ഇവിടെ കാണാം. കൂടാതെ റോക്ക് ഗാര്ഡന്, പീസ് പഗോഡ, ജപ്പനീസ് ക്ഷേത്രം എന്നിവ മറക്കാതെ കാണേണ്ട ഇടങ്ങൾ ആണ്.
ഒക്ടോബര്‍- നവംബര്‍, മാര്‍ച്ച് -ഏപ്രില്‍ എന്നി മാസങ്ങളിലാണ് ഡാര്‍ജീലിങ്ങ് സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.
ഡാർജിലിങ്ങിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള ബാഗ്ഡോഗ്രയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. റോഡ് മാർഗം ആണെങ്കിൽ സിലിഗുരി വഴി ഇവിടേക്ക് എത്തിച്ചേരാം. സിലിഗുരി, ന്യൂജൽപയ് ഗുരി എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷന്.