തൃശ്ശൂര്‍: വീണ്ടും ക്രൂരമായ പൊലീസ് മർദ്ദനം. തൃശൂർ അരിമ്പൂർ ഓട്ടോ ഡ്രൈവറായ അഖിൽ യേശുദാസൻ എന്ന 28കാരനാണ് ക്രൂര മർദ്ദനമേൽക്കേണ്ടി വന്നത്. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് പോയത് അഖിലാണെന്ന സംശയത്തിൽ വിളിച്ചുവരുത്തി അന്തിക്കാട് എസ്ഐ ആയിരുന്ന അരിസ്റ്റോട്ടിൽ ക്രൂരമായി മർദ്ദിച്ചു എന്നാണ് അഖിൽ പറയുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു മർദ്ദനം.
കള്ളകേസിൽപെടുത്തി തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് യേശുദാസ് പറയുന്നു . ഓട്ടോയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച കേസിൽ തന്നെക്കൊണ്ട് നിർബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചു. പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയായിരുന്നു ഇത്. ഒപ്പം ഉണ്ടായിരുന്ന അമ്മയെയും അച്ഛനെയും അനാവശ്യം പറഞ്ഞു. തന്നോട് സംസാരിച്ചുകൊണ്ടിരിക്കെ മർദ്ദനവും തുടങ്ങി. തന്റെ ഓട്ടോറിക്ഷ അല്ല അപകടത്തിൽപ്പെട്ടത് എന്ന് പലപ്രാവശ്യം പറഞ്ഞു.എന്നിട്ടും സമ്മതിച്ചില്ല.
കൈകളിൽ വിലങ്ങട്ട ശേഷം ആയിരുന്നു ഇടി തുടങ്ങിയത്. പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ തന്റെ കൈ പോലീസുദ്യോഗസ്ഥന്റെ മുഖത്ത് കൊണ്ടു. അപ്പോൾ കൂടുതൽ പോലീസുകാരെ വിളിച്ചുവരുത്തിയശേഷം മർദ്ദനം തുടങ്ങി. ബൂട്ട്സ് ഇട്ട കാലുകൊണ്ട് ചവിട്ടി എന്നും യേശുദാസ് പറയുന്നു. രണ്ടുദിവസത്തിനകം അവർക്ക് യഥാർത്ഥ പ്രതിയെ കിട്ടി. ഇനി ഇതിൽ പരാതിയുമായി വന്നാൽ തന്നെ കഞ്ചാവ് കേസിൽ പെടുത്തുമെന്ന് ഭീഷണിയായി.
മർദ്ദനത്തിനുശേഷം ജോലിക്ക് പോകാൻ പോലും പറ്റാത്ത അവസ്ഥയിലായി. എപ്പോഴും ശ്വാസംമുട്ടലും പനിയും. ഇതിനുശേഷമാണ് വിദഗ്ധ ചികിത്സ തേടിയത്. ഉടൻ സർജറി വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേറ്റ അഖിലിന് നാളെ സർജറിയാണ്. വീട് പണയപ്പെടുത്തിയാണ് ചികിത്സ നടത്തുന്നതെന്ന് അഖിലിന്റെ മാതാപിതാക്കൾ പറഞ്ഞു. മകന്റെ ജീവിതം പൊലീസുകാർ നശിപ്പിച്ചെന്ന് അഖിലിന്റെ അമ്മ പറയുന്നു. എസ് ഐ അരിസ്റ്റോട്ടിൽ സിപിഒ വിനോദ്, മഹേഷ്, എന്നിവർക്കെതിരെയാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്.
















