ന്യൂഡൽഹി: രാജ്യവ്യാപകമായി വോട്ടർ പട്ടികയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താനുള്ള നടപടികൾ ഒക്ടോബറിൽ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാരുമായുള്ള യോഗത്തിലാണ് തീരുമാനത്തിന് അംഗീകാരം ലഭിച്ചത്.ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണം നടത്തിയിരുന്നു.
എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും ഈ പ്രക്രിയ വ്യാപിപ്പിക്കും എന്നാണ് തീരുമാനം. ബിഹാർ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് മുൻപ് തന്നെ പ്രത്യേക തീവ്ര പുനരവലോകനം (എസ്ഐആർ) പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് വൃത്തങ്ങൾ പറയുന്നത്. യോഗത്തിൽ മിക്ക സംസ്ഥാനങ്ങളും സെപ്റ്റംബറോടെ അടിസ്ഥാന നടപടികൾ പൂർത്തിയാക്കി ഒക്ടോബറിൽ പുനരവലോകനം ആരംഭിക്കാമെന്ന് ഉറപ്പ് നൽകി.
മൂന്നര മണിക്കൂറിലേറെ നീണ്ട യോഗത്തിൽ, പ്രത്യേക തീവ്ര പുനരവലോകനത്തിനുള്ള തയ്യാറെടുപ്പുകളും മറ്റ് കാര്യങ്ങളും ചർച്ച ചെയ്തു. വോട്ടർമാരെ പരിശോധിക്കാൻ ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സിഇഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് ഓരോ പ്രദേശത്തും സാധാരണയായി അംഗീകരിക്കപ്പെടുകയും എളുപ്പത്തിൽ ലഭ്യമാകുകയും ചെയ്യുന്ന സർട്ടിഫിക്കറ്റുകളെ അടിസ്ഥാനമാക്കിയായിരിക്കും രേഖകളുടെ പട്ടിക ക്രമീകരിക്കേണ്ടതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സിഇഒമാരോട് നിർദ്ദേശിച്ചു.
















