കൊച്ചി: വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ ഉരുണ്ട് കളിച്ച് കേന്ദ്രം. ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ വ്യക്തമായ ഒരു ഉത്തരം നൽകാതെ വീണ്ടും സാവകാശം തേടുകയായിരുന്നു കേന്ദ്രം. ഏത് മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത് എന്നതിൽ ആശയക്കുഴപ്പമുണ്ടെന്നാണ് കേന്ദ്രം കോടതിയിൽ പറഞ്ഞത്. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
വ്യക്തമായ തീരുമാനം അറിയിക്കാൻ കേന്ദ്ര സർക്കാർ മൂന്നാഴ്ച കൂടി സാവകാശം തേടി. കേരള ബാങ്ക് കടം എഴുതിത്തള്ളിയെന്ന കാര്യം ഹൈക്കോടതി വീണ്ടും കേന്ദ്ര സർക്കാരിനെ ഓർമ്മിപ്പിച്ചു. മൂന്നാഴ്ചയ്ക്കകം തന്നെ തീരുമാനമെടുത്ത് അറിയിക്കണമെന്നും കേന്ദ്രത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടു. തുടർന്ന് സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
വായ്പ എഴുതിത്തള്ളുന്നതിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ കേന്ദ്രം വ്യക്തമായ മറുപടി നൽകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇക്കുറിയും കേന്ദ്ര സർക്കാർ പഴയ നിലപാടിൽ തന്നെയായിരുന്നു. ബാങ്ക് വായ്പ എഴുതിത്തള്ളാൻ കഴിയില്ല എന്നാണ് കേന്ദ്ര സർക്കാർ നിരന്തരം സ്വീകരിച്ച നിലപാട്. വായ്പ എഴുതിത്തള്ളാൻ കേന്ദ്ര സർക്കാരിന് നിയമപരമായി അധികാരമില്ലെന്ന് പറയാനാവില്ലെന്നാണ് ഹൈക്കോടതി നേരത്തെ ഉയർത്തിയ വിമർശനം. വായ്പ എഴുതിത്തള്ളാൻ അധികാരമില്ലെങ്കിൽ കേന്ദ്ര സർക്കാർ അശക്തരെന്ന് പറയേണ്ടിവരുമെന്നും ഹൈക്കോടതി വിമർശനമുയർത്തിയിരുന്നു. സ്വമേധയാ സ്വീകരിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിന് വേണ്ടി അഡീഷണൽ സൊളിസിറ്റർ ജനറൽ എആർഎൽ സുന്ദരേശനും സംസ്ഥാന സർക്കാരിന് വേണ്ടി കെ ഗോപാലകൃഷ്ണക്കുറുപ്പും ഹാജരായി.