Cricket Homepage Featured Sports

ഏഷ്യാ കപ്പ് പോരിനായി ഇന്ത്യ ഇറങ്ങുന്നു; സഞ്ജു ബെഞ്ചിലോ കളത്തിലോ?

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ യുഎഇയാണ് ഇന്ത്യയുടെ എതിരാളികള്‍. ദുബായിലെ ഐസിസി ക്രിക്കറ്റ് അക്കാദമിയില്‍ അവസാനവട്ട പരിശീലനത്തിലാണ് ഇന്ത്യ.

ഇന്ത്യയുടെ കളികള്‍, സമയക്രമം

യുഎഇ, പാക്കിസ്ഥാന്‍, ഒമാന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഇന്നത്തെ യുഎഇയ്‌ക്കെതിരായ മത്സരം കഴിഞ്ഞാല്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോര് നടക്കും. ഏഷ്യാ കപ്പിലെ വാശിയേറിയ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാന്‍ കളി സെപ്റ്റംബര്‍ 14 ഞായറാഴ്ച ദുബായില്‍ വെച്ചാണ്. ഇന്ത്യ-ഒമാന്‍ മത്സരം സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച.

ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഹോങ് കോങ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ ഉള്ളത്.

ഏഷ്യാ കപ്പിലെ എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് ആരംഭിക്കുക.

തത്സമയം കാണാന്‍ എന്ത് വേണം?

സോണി സ്പോര്‍ട്സിലും സോണി ലിവിലുമാണ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം.

നോക്ക്ഔട്ട് മത്സരങ്ങള്‍ എങ്ങനെ?

സെപ്റ്റംബര്‍ 19 നാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുക. പിന്നീട് സൂപ്പര്‍ ഫോര്‍ രീതിയിലാണ് അടുത്ത ഘട്ടം. അതായത് എ, ബി ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലേക്ക്. B1 vs B2, A1 vs A2, A2 vs B1, A1 vs B2, A2 vs B2, A1 vs B1 എന്നിങ്ങനെ സൂപ്പര്‍ ഫോറിലെത്തിയ ടീമുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഏറ്റുമുട്ടും. അതിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മില്‍ സെപ്റ്റംബര്‍ 28 നു ഫൈനല്‍.

ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ സാധ്യത

ഉപനായകനായ ശുഭ്മാന്‍ ഗില്ലിനൊപ്പം അഭിഷേക് ശര്‍മ ഓപ്പണറാകുമെന്ന് ഉറപ്പായി. പാര്‍ട് ടൈം ബൗളറായും അഭിഷേകിനെ ഉപയോഗിക്കാമെന്നത് പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി എത്തുക ഗില്ലോ അഭിഷേകോ പുറത്തിരിക്കുമ്പോള്‍ മാത്രം. അല്ലെങ്കില്‍ കൂടുതല്‍ സാധ്യത വണ്‍ഡൗണ്‍ ഇറങ്ങാന്‍. അങ്ങനെ വന്നാല്‍ തിലക് വര്‍മ പുറത്തിരിക്കും. അക്‌സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും ആയിരിക്കും സ്പിന്നര്‍മാര്‍. വിക്കറ്റ് കീപ്പര്‍ റോളില്‍ ജിതേഷ് ശര്‍മയ്ക്കു സാധ്യത കൂടുതല്‍. സൂര്യകുമാര്‍ യാദവ് നാലാമന്‍. ഹാര്‍ദിക് പാണ്ഡ്യയും പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. പേസര്‍മാരായി ജസ്പ്രിത് ബുംറയും അര്‍ഷ്ദീപ് സിങ്ങും പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിച്ചു.

പിച്ചിന്റെ സ്വഭാവം

യുഎഇയ്‌ക്കെതിരായ മത്സരം നടക്കുന്ന ദുബായ് പിച്ചില്‍ ഇന്ത്യക്കാണ് മേല്‍ക്കൈ. പേസര്‍മാര്‍ക്ക് അനുകൂലമായ അന്തരീക്ഷം. ജസ്പ്രിത് ബുംറയായിരിക്കും കളിയുടെ ഗതി നിര്‍ണയിക്കുക. യുഎഇയില്‍ ഇതുവരെ പത്ത് ട്വന്റി 20 മത്സരങ്ങള്‍ ഇന്ത്യ കളിച്ചു. അതില്‍ ആറിലും ജയം.

Related Posts