Kerala Lead News News

വീഴ്ച ആഭ്യന്തര വകുപ്പിൽ, കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടു; കടുത്ത വിമർശനവുമായി സിപിഐ

തിരുവനന്തപുരം: തുടർച്ചയായി പുറത്തുവരുന്ന പൊലീസ് കസ്റ്റഡി മർദ്ദനങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഐ പ്രവർത്തന റിപ്പോർട്ട്. പൊലീസിന്റെ നടപടികൾ പലയിടത്തും വിമർശനത്തിന് വഴിവെക്കുന്നുണ്ടെന്നും ഇത് സർക്കാരിന് ചീത്തപ്പേരുണ്ടാക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടത് സർക്കാരിന്റെ ഭരണകാലത്ത് ആഭ്യന്തര വകുപ്പിലാണ് വീഴ്ചയെന്നാണ് വിലയിരുത്തൽ. ഇന്ന് ആലപ്പുഴയിൽ ആരംഭിക്കാനിരിക്കുന്ന റിപ്പോർട്ടിലാണ് ഇക്കാര്യംകൂടി ഉൾക്കൊള്ളിച്ചിരിക്കുന്നത്. 

ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമാണെന്നും മുഖ്യമന്ത്രിക്ക് അത് കൈകാര്യംചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. സർക്കാർ പ്രവർത്തനങ്ങളിലെ അപചയമായി റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഒരേയൊരു കാര്യവും അത് തന്നെയാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളെ പൊതുവേ നല്ലരീതിയിലാണ് റിപ്പോർട്ടിൽ വിലയിരുത്തുന്നത്. സിപിഐയുടെ നാല് മന്ത്രിമാർക്ക് റിപ്പോർട്ടിൽ വലിയ പ്രശംസയാണുള്ളത്.

റിപ്പോർട്ടിന്റെ കരട് തയ്യാറാക്കിയ ഘട്ടത്തിൽ ആഭ്യന്തരവകുപ്പിനുനേരേയുള്ള വിമർശനങ്ങളുണ്ടായിരുന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ ഉൾക്കൊള്ളുകയും യാഥാർഥ്യം മനസ്സിലാക്കുകയും ചെയ്യുന്നതാകണം റിപ്പോർട്ടെന്ന് കരട് ചർച്ചചെയ്ത യോഗത്തിൽ കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ഇത്രയും കടുത്ത വിമർശനത്തിലേക്ക് പോകേണ്ടന്ന നിലപാടാണ് ബിനോയ് വിശ്വം മുന്നോട്ട് വെച്ചതെങ്കിലും ഈ നിലയ്ക്ക് കാര്യങ്ങൾ അവതരിപ്പിക്കാൻ അവസാനം തീരുമാനമാകുകയായിരുന്നു. 

Related Posts