Homepage Featured Kerala News

നടിക്കെതിരെ അധിക്ഷേപ പരാമർശം; സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം

കൊച്ചി: തനിക്കെതിരെ പരാതി നൽകിയ നടി മാഫിയയുടെ നിയന്ത്രണത്തിലെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. നടിയുമായി ഏഴ് വർഷമായി പ്രണയത്തിലാണെന്ന് അവകാശപ്പെട്ട സനൽ കുമാർ, നടി കൂടി ആവശ്യപ്പെട്ടിട്ടാണ് തന്റെ പോരാട്ടമെന്നും പറഞ്ഞു. നടിയെ നിയന്ത്രിക്കുന്നത് മാനേജറാണ്. നടിയുടെ പേരിൽ തനിക്കെതിരെ വ്യാജ പരാതി നൽകിയത് ഇയാളാണ്. പരാതിയിൽ വസ്തുതയുണ്ടെങ്കിൽ നടി പരസ്യമായി അക്കാര്യം പറയാത്തത് എന്തു കൊണ്ടാണെന്നു സനൽ കുമാർ ചോദിക്കുന്നു.

നടിയെ നിയന്ത്രിക്കുന്ന മാഫിയയ്‌ക്കൊപ്പമാണ് പോലിസ്. നടപടിക്രമം പാലിക്കാതെയാണ് കസ്റ്റഡിയും അറസ്റ്റുമെന്നും അദ്ദേഹം ആരോപിച്ചു. കെട്ടിച്ചമച്ച കേസെന്ന് കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് ജാമ്യം അനുവദിച്ചത്. യാതൊരു ഉപാധികളും ഇല്ലാതെയാണ് ജാമ്യമെന്നും സനൽകുമാർ വ്യക്തമാക്കി.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയില്‍ ഇന്നലെയാണ് സംവിധായകന്‍ സനല്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത സനൽകുമാറിനെ കഴിഞ്ഞദിവസം രാത്രി കൊച്ചിയിൽ എത്തിച്ചു. രാത്രി തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജനുവരിയിൽ, പ്രമുഖ മലയാള നടിയെ സോഷ്യൽ മീഡിയയിലൂടെ ശല്യം ചെയ്തതിന് എളമക്കര പോലീസ് സനലിനെതിരെ കേസെടുത്തിരുന്നു.

എന്നാൽ, പോലീസ് കേസെടുക്കുമ്പോൾ സനൽ അമേരിക്കയിലായിരുന്നു. തുടർന്ന്, അദ്ദേഹം ഇന്ത്യയിൽ എത്തുമ്പോൾ കസ്റ്റഡിയിലെടുക്കുന്നതിനായി പോലീസ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഇതിന്റെ തുടർനടപടിയായാണ് സനൽകുമാറിനെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത്. തന്നെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് സനല്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ 2022ല്‍ എടുത്ത കേസില്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നടിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ലെന്നും തനിക്കെതിരെ കള്ളക്കേസെടുക്കുകയായിരുന്നുവെന്നും സനല്‍ പറയുന്നു.

കേരളാ പോലീസ് തന്നെ പിടികൂടാൻ ഫ്ലൈറ്റ് പിടിച്ചുവരുന്നത് അസ്വാഭാവികമാണെന്ന് മനസിലാക്കാൻ അധികം നിയമപരിജ്ഞാനമൊന്നും ആവശ്യമില്ല. തന്റെ ഫോൺ പിടിച്ചുവാങ്ങി. എന്തടിസ്ഥാനത്തിലാണ് ഈ സ്റ്റോക്കിങ് കേസ് എന്നറിയില്ലെന്നും തനിക്കെതിരെ കള്ളക്കേസെടുക്കുകയായിരുന്നുവെന്നും അദ്ദേഹം വിവിധ ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന് തുറന്ന കത്ത് എന്ന രീതിയിൽ മറ്റൊരു പോസ്റ്റും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. ‘എനിക്കെതിരെ അറസ്റ്റ് വാറണ്ടില്ല. ഒരു വിധിയും ചാര്‍ജ്ഷീറ്റുമില്ല. പക്ഷേ, എനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരിക്കുന്നു. എങ്ങനെ?’, സനല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Related Posts