കാഠ്മണ്ഡു: ജെൻസി പ്രതിഷേധം രാജ്യമാകെ അക്രമാസക്തമാകുന്നതിനിടയിൽ രാജി വച്ച് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലി. പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും വീടുകൾ പ്രതിഷേധക്കാർ ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. അക്രമം രൂക്ഷമായതോടെ ദുബായിലേക്ക് നാടുവിടാൻ പ്രധാനമന്ത്രി തയ്യാറെടുക്കുകയാണ്. ചികിത്സയ്ക്കായി ദുബായിലേക്ക് പോകുന്നു എന്നാണ് റിപ്പോർട്ടുകൾ.ഹിമാലയ എയർലൈൻസ് എന്ന സ്വകാര്യ വിമാനക്കമ്പനി യാത്രയ്ക്കായി സജ്ജമായി നിർത്തിയിരിക്കുകയാണ്. പ്രക്ഷോഭം അവസാനിപ്പിക്കാൻ സുപ്രധാന യോഗം ഇന്ന് വൈകിട്ട് വിളിക്കാനിരിക്കെയാണ് കലാപത്തിൽ പ്രധാനമന്ത്രിയുടെ രാജി. പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ രാജിവെച്ച ആഭ്യന്തര മന്ത്രി രമേശ് ലേഖകിന്റെ വീടും കലാപകാരികൾ അഗ്നിക്കിരയാക്കിയിരുന്നു.
ജെൻസ് സി വിപ്വവം ആയുധമാക്കി പ്രതിപക്ഷ പാർട്ടിയും രംഗത്തെത്തിയിരുന്നു. ശർമ ഓലി രാജിവച്ചൊഴിയണമെന്ന ആവശ്യം ശക്തമായതടെയാണ് സമ്മർദ്ദത്തിന് വഴങ്ങി ചൊവ്വാഴ്ച ഉച്ചയോടെ രാജി പ്രഖ്യാപനം. പ്രതിഷേധത്തെ അടിച്ചമർത്താൻ സാധിക്കുന്നില്ലെന്നാണ് ഭരണകൂടവും അറിയിക്കുന്നത്. കൂടുതൽ പട്ടാളത്തെ കാഠ്മണ്ഡുവിലേക്കും പ്രതിഷേധം അരങ്ങേറുന്ന പ്രധാനനഗരങ്ങളിലേക്കും വിന്യസിച്ചു.തിങ്കളാഴ്ച ആരംഭിച്ച പ്രക്ഷോഭം പൊലീസുമായുള്ള സംഘർഷത്തിലേക്ക് നീങ്ങിയതോടെ 19 പേർ കൊല്ലപ്പെടുകയും, 300ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ കാഠ്മണ്ഡുവിലെ കലങ്കി, കലിമാടി, തഹചാൽ, ബനേശ്വർ, ലളിത്പൂർ ജില്ലയിലെ ച്യാസൽ, ചപാഗു, തെചോ തുടങ്ങി വിവിധ മേഖലകളിലും പ്രക്ഷോഭകാരികൾ സംഘടിച്ച് സർക്കാറിനെതിരെ തിരിഞ്ഞു.മരണങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രാജി വച്ചു. ഫെയ്സ്ബുക്ക്, യൂട്യൂബ്, എക്സ് എന്നിവയുള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധമാണ് പ്രധാനമന്ത്രിയെ രാജിവയ്പ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിയത്. നേപ്പാളിൽ പ്രസിഡന്റ് ഭരണമോ പട്ടാള ഭരണമോ ഉണ്ടായെക്കുമെന്നുമാണ് വിലയിരുത്തൽ.