ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ഒന്നാം നിലയിലുള്ള വസുധ ഹാളിലാണ് രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെ വോട്ടെടുപ്പ് നടക്കുക. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടത്തുന്നത്. എൻഡിഎ സ്ഥാനാർത്ഥിയായി മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണനും ഇന്ത്യ സഖ്യത്തെ പ്രതിനിധീകരിച്ച് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുദർശൻ റെഡ്ഡിയുമാണ് മത്സരിക്കുന്നത്. വൈകിട്ട് ആറിന് തുടങ്ങുന്ന വോട്ടെണ്ണൽ എട്ടു മണിയോടെ പൂർത്തിയാക്കി ഫലപ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷ.
ഇന്ത്യ സഖ്യവും എൻഡിഎയും ഇന്നലെ എംപിമാർക്ക് പരിശീലനം നൽകുന്നതിനായി ഇന്നലെ മോക്ക് വോട്ടിംഗ് നടത്തിയിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജഗ്ദീപ് ധൻകർ രാജിവെച്ചതാണ് പുതിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വഴിവെച്ചത്. എംപിമാരെ ബാച്ചുകളായി തിരിച്ച് മുതിർന്ന നേതാക്കളുടെ മേൽനോട്ടത്തിലാണ് വോട്ടെടുപ്പ് നടത്തുക. അംഗങ്ങൾക്ക് ഇഷ്ടമുള്ള ആൾക്ക് വോട്ട് ചെയ്യാമെന്നതുകൊണ്ടുതന്നെ പരമാവധി എതിർപക്ഷത്തിന്റെ വോട്ടുകൾ അടർത്തിമാറ്റാനും സ്വന്തം വോട്ടുകൾ ചോർന്നുപോകാതെ ഉറപ്പിച്ചുനിർത്താനുമുള്ള പ്രയത്നത്തിലാണ് ഇരുകക്ഷികളും.