കീവ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്കുമേൽ ചുമത്തിയ അധിക തീരുവ നടപടിയെ പിന്തുണച്ച് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ അമേരിക്ക എടുത്ത നടപടി ശരിയായിരുന്നുവെന്ന് അമേരിക്കൻ ബ്രോഡ്കാസ്റ്റർ എബിസിയോട് സംസാരിക്കവെ സെലൻസ്കി പറഞ്ഞു.
ക്രൂഡ് ഓയിൽ വ്യാപാരത്തിലുടെ റഷ്യക്കു ലഭിക്കുന്ന സമ്പത്ത് യുക്രൈൻ യുദ്ധത്തിന് ഉപയോഗിക്കുന്നുവെന്നാരോപിച്ചാണ് അമേരിക്ക പിഴ ചുമത്തിയത്. റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതിനാണ് അമേരിക്ക ഇന്ത്യക്കുമേൽ 25 ശതമാനം പിഴ ചുമത്തിയത്. മുൻപുണ്ടായിരുന്ന തീരുവ കൂടെ ചേർത്ത് മൊത്തം 50 ശതമാനം തീരുവയാണ് ഇന്ത്യക്കുമേൽ ഇപ്പോഴുള്ളത്. അങ്ങനെ ഇന്ത്യ അമേരിക്ക ബന്ധം വഷളാവുകയും ചെയ്തു. ക്രൂഡ് ഓയിൽ വ്യാപാരത്തിലുടെ റഷ്യക്കു ലഭിക്കുന്ന സമ്പത്ത് അവർ യുക്രൈൻ യുദ്ധത്തിന് ഉപയോഗിക്കുന്നുവെന്നാരോപിച്ചാണ് അമേരിക്ക പിഴ ചുമത്തിയത്.
യുക്രൈനെതിരായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉപയോഗിക്കുന്നത് ഊർജ്ജ വ്യാപാരമാണെന്നും അത് എങ്ങനെയെങ്ങിലും തടഞ്ഞ് റഷ്യയുടെ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കാൻ മറ്റു രാജ്യങ്ങൾ സഹായിക്കണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. റഷ്യയുമായി വ്യാപാര ബന്ധം പുലർത്തുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തിയത് നല്ല ആശയമാണെന്നും സെലൻസ്കി വ്യക്തമാക്കി. മോദി, പുടിൻ കൂടിക്കാഴ്ച്ചയെക്കുറിച്ച് ചോദിച്ചപ്പോഴാണ് സെലൻസ്കി ഇങ്ങനൊരു പ്രതികരണം നടത്തിയത്.