Lifestyle Travel

മണികരണിലെ നിഗൂഢമായ ചൂട് നീരുറവകൾ

സൂചി കുത്തി ഇറക്കുന്നത് പോലെ ശരീരത്തിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പ് കാലത്ത് പോലും ചുടു വെള്ളം ഒഴുകുന്ന നീരുറവകൾ. മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മല നിരകൾ. എവിടെ നോക്കിയാലും പൈൻ മരങ്ങളും ദേവദാരു മരങ്ങളും. അരികെ പാറകളിൽ തല്ലി തകർത്തു ഒഴുകുന്ന പാർവതി നദി. പറഞ്ഞു വരുന്നത് ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ പാർവതി താഴ്‌വരയിലെ മണികരണിനെ കുറിച്ചാണ്‌.

കുളുവിൽ നിന്ന് 45 കിലോമീറ്റർ അകലെയാണ് മണികരൺ. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 1760 മീറ്റർ ഉയരത്തിൽ ആണ് മണി കരൺ സ്ഥിതി ചെയ്യുന്നത്. പാർവ്വതി നദിയുടെ ഒരു അറ്റത്ത് കാണുന്ന മണികരൺ ഹോട്ട് സ്പ്രിംഗ് സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവമായിരിക്കും നൽകുക. ചുറ്റുമുള്ള ഇടങ്ങളെല്ലാം തണുത്തു വിറങ്ങലിച്ച് ഇരിക്കുമ്പോൾ ഇവിടെ മാത്രം ചൂടുനീരുറവ.

മണികരൺ നിഗൂഢവും ആത്മീയവുമായി പ്രാധാന്യവുമുള്ള സ്ഥലമാണ്. ചൂടു നീരുറവകൾക്കും പുണ്യ ശിവക്ഷേത്രത്തിനും പേരുകേട്ട ഈ സ്ഥലം ഇതിഹാസങ്ങളും ആത്മീയതയും ഒത്തുചേരുന്ന ഇടമാണ്. ഐതിഹ്യം അനുസരിച്ച്, മണികരൺ ശിവനും പാർവതിയുമായും ബന്ധപ്പെട്ടിരിക്കുന്നു.

പാർവതി ദേവിയുടെ കമ്മലുകളിൽ ഒന്ന്കു ളിക്കുന്നതിനിടെ നദിയിൽ നഷ്ടപ്പെട്ടു. നദിയിൽ വീണ കമ്മൽ ശേഷ് നാഗ് പാതാളത്തിലേക്ക് കൊണ്ടുപോയി. കമ്മൽ കിട്ടാതെ വിഷമിക്കുന്ന ദേവിയെ കണ്ടതോടെ ശിവൻ കോപാകുലനായി. ശിവൻ തന്റെ മൂന്നാം കണ്ണ് തുറന്നതോടെ ഭൂമിക്കടിയിൽ ഉണ്ടായിരുന്ന പാർവതിയുടെ കമ്മൽ ഉൾപ്പെടെ അമൂല്യങ്ങളായ രത്നങ്ങളും, സ്വർണങ്ങളും പുറത്തേക്ക് വന്നു. പാർവതി നദിയിലെ തിളച്ചുമറിയുന്ന വെള്ളം ശിവന്റെ കോപത്തെയാണ് അടയാളപ്പെടുത്തുന്നതെന്ന് വിശ്വസിക്കപ്പെടുന്നു.

നദിയിലെ വെള്ളം തിളയ്ക്കുന്ന ഈ പ്രതിഭാസം ഇവിടുത്തെ ഏറ്റവും ആകർഷകമായ സവിശേഷതയാണ്.മണികരണിലെ ചൂടുനീരുറവകൾക്ക് നിഗൂഢ ഗുണങ്ങളുണ്ടെന്ന് ഇവിടുത്തുകാർ വിശ്വസിക്കുന്നു.
ഈ നീരുറവകൾക്ക് ചർമ്മ രോഗങ്ങൾ സുഖപ്പെടുത്താൻ കഴിയുമെന്നാണ് വിശ്വാസം.
അതിനാൽ ദൂരെ നിന്ന് പോലും ആളുകൾ ഈ പുണ്യ ജലത്തിൽ കുളിക്കാൻ ഇവിടെ എത്താറുണ്ട്.

മണികരൺ സാഹിബ്‌
ഗുരുദ്വാരയാണ് ഇവിടുത്തെ മറ്റൊരു കാഴ്ച.പാർവ്വതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ തീർഥാടന കേന്ദ്രം സിക്ക്-ഹിന്ദു മത വിശ്വാസികൾക്ക് ഒരു പോലെ പ്രധാനപ്പെട്ടതാണ്.

കുലന്ത് പീഠ്

ഹിമാചൽ പ്രദേശിലെ ഏറ്റവും വിശുദ്ധമായ ഇടങ്ങളിലൊന്നാണ് കുലന്ത് പീഠ്. ശ്രീ ശങ്കരാചാര്യർ കുറച്ച് കാലം വസിച്ചിരുന്ന ഇടമാണ് ഇത്. കൂടാതെ വിഷ്ണു നദി, ഹരീന്ദർ മൗണ്ട് ട്രക്കിങ്ങ്, രാമചന്ദ്ര ക്ഷേത്രം, കുളു, കസോൾ, മണാലി എന്നിവിടങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ ആണ്.

മാർച്ച് മുതൽ ജൂൺ വരെയുള്ള സമയമാണ് മണികരണിലെത്തുവാൻ ഏറ്റവും യോജിച്ചത്. ഈ സമയത്ത് വന്നാൽ. പാരാഗ്ലൈഡിങ്ങ്, റിവർ റാഫ്ടിങ്, തുടങ്ങിയ സാഹസിക പരിപാടികളും ഉൾപ്പെടുത്താം.

ഹിമാചലിലൂടെയുള്ള യാത്രകൾ ആസ്വദിക്കുവാൻ റോഡാണ് ഏറ്റവും മികച്ചത്. ഹിമാചലിലെ എല്ലാ നഗരങ്ങളിൽ നിന്നും മണികരണിലേക്ക് ബസുകളുണ്ട്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ജോഗീന്ദർ നഗറാണ്.

Related Posts