ന്യൂഡൽഹി: ബീഹാർ കരട് വോട്ടർപട്ടിക പരിഷ്കരണത്തിനായി ഉപയോഗിക്കുന്ന രേഖകളിൽ ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശവുമായി സുപ്രീംകോടതി. തിരിച്ചറിയൽ രേഖ എന്ന നിലയിൽ പരിഗണിക്കാനും നിർദ്ദേശം നൽകി. സമർപ്പിക്കുന്ന ആധാർ യഥാർത്ഥമാണോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് അവകാശമുണ്ടാകുമെന്നും കോടതി പറഞ്ഞു.
അതേസമയം ബീഹാറിൽ ആധാർ ഒരു രേഖയായി കണക്കാക്കുന്നില്ലെന്ന് കപിൽ സിബൽ. കമ്മീഷൻ നിർദ്ദേശിച്ച 11 രേഖകൾക്ക് പകരം ആധാർ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകുന്നതായും കപിൽ സിബൽ ആരോപിച്ചു. നേരത്തെ ആധാർ, റേഷൻ കാർഡ്, വോട്ടർ ഐഡി തുടങ്ങിയ രേഖകൾ തെളിവായി സ്വീകരിക്കാൻ പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചെങ്കിലും, കമ്മീഷൻ പിന്നീട് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഈ രേഖകൾ വോട്ടവകാശത്തിന് തെളിവായി കണക്കാക്കാൻ ആകില്ലെന്ന് വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ഹർജിക്കാരല്ലാത്ത എല്ലാ അംഗീകൃത പാർട്ടികളെയും കോടതി ഹർജികളിൽ എതിർകക്ഷികളായി ചേർക്കുകയും വോട്ടർ പട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടവരെ പാർട്ടികൾ സഹായിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു.
ഫോമുകൾ സമർപ്പിക്കുന്നതിനായി അതാത് ബൂത്തുകളിലെ ആളുകളെ ഓരോ പാർട്ടിയുടെയും ബൂത്ത് ലെവൽ ഏജന്റുമാർക്ക് സഹായിക്കണം എന്നാണ് ബിഹാറിലെ 12 അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കാണ് കോടതി നിർദേശം നൽകിയത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ. ബാഗ്ചി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്.
ഫോമുകൾ നേരിട്ട് സമർപ്പിക്കേണ്ട ഇടങ്ങളിൽ എല്ലാം ബിഎൽഒമാർ രസീത് നൽകണമെന്ന് കോടതി നിർദേശിച്ചു. ഇതിനിടെ, കോടതി നിർദ്ദേശ പ്രകാരം കരട് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ പേരുകളും ഒഴിവാക്കാനുള്ള കാരണങ്ങളും അടങ്ങിയ പട്ടിക പോളിങ് ബൂത്തുകളിലും വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു.