കാഠ്മണ്ഡു: രാജ്യസുരക്ഷയുടെ പേരിൽ സർക്കാർ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതിനെതിരെ നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻസി പ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സംഘർഷത്തിൽ നൂറോളം പേർക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് തെരുവുകളിൽ ഇറങ്ങി പ്രതിഷേധവുമായി ഇറങ്ങിയത്. പ്രക്ഷോഭം അടിച്ചമർത്താൻ നടത്തിയ പൊലീസ് നടപടി പലിടങ്ങളിലും രൂക്ഷമായി. പൊലീസ് ലാത്തിചാർജും വെടിവെപ്പും നടന്നു. ഈ വെടിവെപ്പിലാണ് ഒരാൾ മരണപ്പെട്ടത്.
കാഠ്മണ്ഡുവിനൊപ്പം നേപ്പാളിലെ മറ്റ് പ്രധാന നഗരങ്ങളിലും ജനജീവിതം സ്തംഭിച്ചു.സഫേസ്ബുക്ക്, യൂട്യൂബ്, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ ഉൾപ്പെടെ 26 രജിസ്റ്റർ ചെയ്യാത്ത പ്ലാറ്റ്ഫോമുകൾ നേപ്പാൾ സർക്കാർ തടഞ്ഞിരുന്നു. ഇതോടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ വിനോദം, വാർത്ത, ബിസിനസ്സ് തുടങ്ങിയ പ്രധാന ചാനലുകളിൽ നിന്ന് വിച്ഛേദിക്കപ്പെട്ടു. ഇൻസ്റ്റാഗ്രാം പോലുള്ള ജനപ്രിയ ആപ്പുകൾ പലർക്കും ഉപയോഗിക്കാൻ കഴിയാത്തതും പൊതുജനരോഷം വർധിപ്പിച്ചു. സോഷ്യൽ മീഡിയ നിരോധനം നടത്തുന്നതിന് പിന്നിലെ ലക്ഷ്യം സർക്കാരിന്റെ അഴിമതിയും ദുർഭരണവും മറച്ചുവെയ്ക്കൽ ആണെന്ന് ആരോപിച്ചാണ് ചെറുപ്പക്കാർ ശക്തമായി പ്രതിഷേധിക്കുന്നത്.