Lifestyle Travel

കൈവിട്ടാൽ പൊടിപോലും കിട്ടില്ല, ചങ്കുറപ്പുള്ളവർ മാത്രം പോവുക; അത്ര എളുപ്പല്ല ഹരിഹർ കോട്ടയിലെത്താൻ

അതെ അത്ര എളുപ്പം അല്ല ഹരിഹർ കോട്ടയിൽ എത്താൻ.  ഒരു സമയം ഒരാൾക്ക് മാത്രം കയറാൻ പറ്റുന്ന ഇടുങ്ങിയ പടികൾ. കാലൊന്നു തെറ്റിയാൽ താഴെ അഗാധമായ കൊക്കയിലേക്ക്, വീണാൽ പൊടിപോലും കിട്ടാത്തയിടം. എങ്കിലും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഇവിടം.

മഹാരാഷ്ട്രയിലെ നാസിക്കിന് അടുത്തായി ത്രയംബകേശ്വറിലാണ് ഹരിഹര്‍  കോട്ട സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 3676 അടി ഉയരത്തിലാണ് ഈ ഭീമൻ കോട്ടയുള്ളത്. 80 ഡിഗ്രി ചെരിവിലുള്ള പാറയിൽ കൊത്തി എടുത്ത 117 പടികൾ കയറി വേണം ഇതിന്റെ മുകൾഭാഗത്ത് എത്തുവാൻ. വീതി കുറഞ്ഞ പടികളിൽ പിടിക്കാൻ രണ്ടു വശത്തും ദ്വാരങ്ങൾ ഉണ്ട്

നാസിക്കിൽ നിന്നും ഹരിഹർ ഫോർട്ടിന്‍റെ ബേസ്ക്യാമ്പായ ഹരേശ്വർ വാഡിയിലേക്ക് 48 കിലോമീറ്ററും ത്രയംബകേശ്വ റിൽ നിന്നും 13 കിലോമീറ്ററും ദൂരവുമുണ്ട്. അവിടെനിന്നും രണ്ടു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ ഹരിഹർ ഫോർട്ടിന്‍റെ ചുവട്ടിലെത്താം. ഹർഷേവാടി, നിർഗുഡ്പാട എന്നിങ്ങനെ രണ്ട് ഗ്രാമങ്ങളില്‍ നിന്നാണ് ഹരിഹർ ഫോർട്ടിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്. 

കോട്ടയുടെ മധ്യഭാഗത്ത് ഉയരമുള്ള ഒരു പീഠഭൂമിയാണുള്ളത്. അവിടെ ഹനുമാന്റെയും ശിവന്റെയും ഒരു ചെറിയ ക്ഷേത്രമുണ്ട്. മറാത്ത സാമ്രാജ്യത്തിലെ അധിപനായ ഛത്രപതി ശിവജി മഹാറാണയുടെ പ്രധാന കാവൽ കോട്ടകളിൽ  ഒന്നാണ്​ ഹരിഹർ ഘട്ട് എന്നറിയപ്പെടുന്ന ഹരിഹർ ഫോർട്ട്‌. 

പതിമൂന്നാം നൂറ്റാണ്ടിൽ ഒരു യാദവ രാജാവാണ് കോട്ട നിര്‍മ്മിച്ചത്. ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടുക എന്നതായിരുന്നു ലക്ഷ്യം. വലിയ കോട്ടയായിരുന്ന ഇതിന്റെ ചെറിയൊരു ഭാഗം മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ.

നിരവധി യുദ്ധങ്ങൾക്ക്​ മൂകസാക്ഷിയാണ്‌ ഹരിഹർ കോട്ട. മഹാരാജ ശിവജിയിൽനിന്നും 1818 ൽ ബ്രിട്ടീഷ് ക്യാപ്റ്റനായ ബ്രിഗ്സ് പിടിച്ചെടുത്തു. പിന്നീട് കോട്ട തിരിച്ചു പിടിക്കാൻ നടത്തിയ പോരാട്ടത്തിൽ ആയിരക്കണക്കിനു മറാത്താ പടയാളികളുടെ ജീവൻ പൊലിഞ്ഞിരുന്നു. ആദ്യത്തെ പടവുകൾ കയറി കോട്ട വാതിൽ പിന്നിട്ടാൽ കുറച്ചു ദൂരം കുനിഞ്ഞ് ഒരു ചെരുവിലൂടെ ചെറിയ വളവു തിരിഞ്ഞു പിന്നെയും പടവുകൾ കയറണം.

രണ്ടാമത്തെ പടവുകൾ പാറയുടെ ഉൾഭാഗം തുരന്നു കൊത്തിയുണ്ടാക്കിയതാണ്. മുകൾ ഭാഗത്ത്​ നിന്ന്​ നോക്കിയാൽ ഹരേശ്വർ വാഡിയിലെയും നിർഗുഡ് പാഡയിലെയും കൃഷിത്തോട്ടങ്ങളും സോപ്പുപെട്ടി പോലെ അടുക്കിവെച്ച വീടുകളും ഗ്രാമപ്രദേശങ്ങളും ചെറു പട്ടണങ്ങളും കാണാൻ കഴിയും. 

ഇടതു ഭാഗത്തേക്ക്‌ നോക്കിയാൽ പച്ചപ്പട്ട്​ വിരിച്ചു തലയുയർത്തി നിൽക്കുന്ന ബ്രഹ്​മ പർവതവും പിരമിഡ് പോലെയുള്ള ചെത്തി മിനുക്കിയ ഫാനി കുന്നുകളും മനോഹരമായ നവ്ര നവ്രി പർവത നിരയും കാണാം. നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് ഹരിഹർ സന്ദർശിക്കാനുള്ള ഏറ്റവും മികച്ച സമയം.

Related Posts