Homepage Featured News World

ഓസ്‌ട്രേലിയയിലെ ‘കൂടത്തായി മോഡല്‍’; വിഷക്കൂണ്‍ നല്‍കി ഭര്‍തൃവീട്ടുകാരെ കൊലപ്പെടുത്തി

ഓസ്‌ട്രേലിയയിലെ വിവാദമായ വിഷക്കൂണ്‍ കൊലപാതക കേസില്‍ വിധിപറഞ്ഞ് കോടതി. ഭര്‍ത്താവിന്റെ മാതാപിതാക്കളെ അടക്കം മൂന്ന് പേരെ വിഷക്കൂണ്‍ നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി എറിന്‍ പാറ്റേഴ്‌സണു 33 വര്‍ഷത്തെ ജീവപര്യന്തമാണ് കോടതി വിധിച്ചത്. ഭര്‍ത്താവിനോടും ഭര്‍തൃവീട്ടുകാരോടുമുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് 50 കാരിയായ എറിന്‍ ഭക്ഷണത്തില്‍ വിഷക്കൂണ്‍ കലര്‍ത്തി കൊലപാതക പരമ്പര നടത്തിയത്. പരോള്‍ ഇല്ലാതെ ജീവപര്യന്തം അനുഭവിക്കണമെന്നാണ് കോടതി വിധിയില്‍ പറയുന്നത്. 

ഭര്‍തൃവീട്ടുകാര്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ ബീഫ് വെല്ലിങ്ടണ്‍ ലേസ്ഡ് എന്ന വിഭവത്തിനൊപ്പം മാരക വിഷമുള്ള ഡെത്ത് കാപ് മഷ്‌റൂം ചേര്‍ത്ത് നല്‍കുകയാണ് എറിന്‍ പാറ്റേഴ്‌സണ്‍ ചെയ്തതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഭര്‍തൃമാതാവ് ഗെയ്ല്‍ പാറ്റേഴ്‌സണ്‍, ഭര്‍തൃപിതാവ് ഡൊണാള്‍ഡ് പാറ്റേഴ്‌സണ്‍, ഭര്‍തൃമാതാവിന്റെ സഹോദരി ഹെതര്‍ വില്‍ക്കിന്‍സണ്‍ എന്നിവരെയാണ് എറിന്‍ കൊലപ്പെടുത്തിയത്. 

മെല്‍ബണിലെ തെക്കുകിഴക്കന്‍ നഗരമായ ലിയോണ്‍ഗാത്തയിലെ ഭര്‍തൃവീട്ടില്‍ വെച്ചാണ് എറിന്‍ കൊലപാതകം ആസൂത്രണം ചെയ്തത്. 2023 ജൂലൈ 29 നാണ് നഗരത്തെ നടുക്കിയ സംഭവം. ഹെതര്‍ വില്‍ക്കിന്‍സണിന്റെ ഭര്‍ത്താവ് ഇയാന്‍ വില്‍ക്കിന്‍സണും വിഷാംശമുള്ള ഭക്ഷണം കഴിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. മെല്‍ബണിലെ വിക്ടോറിയ കോടതിയിലാണ് വിധിപ്രസ്താവം നടന്നത്. 

ദിവസങ്ങളോളമുള്ള ആസൂത്രണത്തിലൂടെയാണ് എറിന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്ന് കോടതിക്കു ബോധ്യപ്പെട്ടു. വിധി പ്രസ്താവത്തിന്റെ സമയത്ത് യാതൊരു കുറ്റബോധവുമില്ലാതെയാണ് എറിന്‍ നിലകൊണ്ടത്. കൂസലില്ലാതെ ശിക്ഷാവിധി കേട്ടുനില്‍ക്കുന്ന എറിനെ നോക്കി ഒരുഘട്ടത്തില്‍ കോടതി ആശ്ചര്യപ്പെടുക പോലും ചെയ്തു. 

കേവലം മൂന്ന് പേരെ കൊലപ്പെടുത്തുക മാത്രമല്ല മറിച്ച് അവരുമായി ബന്ധപ്പെട്ട ഒട്ടേറെ മനുഷ്യരുടെ ജീവതങ്ങള്‍ക്കു പോലും വിനാശം സൃഷ്ടിക്കുകയാണ് എറിന്‍ ചെയ്തിരിക്കുന്നതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതിക്ക് ഒരിക്കലും പരോളോ മോചനമോ അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. 

വിചാരണയിലുടനീളം താന്‍ നിരപരാധിയാണെന്ന് വാദിക്കുകയായിരുന്നു എറിന്‍. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നത് ആകസ്മികമായാണെന്നും എറിന്‍ ഒന്നിലേറെ തവണ കോടതിയില്‍ പറഞ്ഞു. ശിക്ഷാവിധിക്കെതിരെ അപ്പീല്‍ പോകാന്‍ 28 ദിവസത്തെ സമയമാണ് പ്രതിക്കുള്ളത്. മേല്‍ക്കോടതിയെ സമീപിക്കുമോ എന്ന കാര്യത്തില്‍ എറിന്റെ അഭിഭാഷകര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Related Posts