ന്യൂഡൽഹി: ടിവിഎസ് മോട്ടോർ കമ്പനി അപ്പാച്ചെ മോട്ടോർസൈക്കിൾ ശ്രേണിയുടെ 20 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ലിമിറ്റഡ് എഡിഷൻ ആർടിആർ 160 4V, 200 4V വേരിയന്റുകൾ അവതരിപ്പിച്ചു. കറുപ്പും ഷാംപെയ്ൻ സ്വർണ്ണവും നിറത്തിലുള്ള സ്കീം, യുഎസ്ബി ചാർജിംഗ്, മെച്ചപ്പെടുത്തിയ സുരക്ഷ, കണക്റ്റിവിറ്റി സവിശേഷതകൾ എന്നിവ ഉൾപ്പെടുത്തിയാണ് വാർഷിക പതിപ്പുകൾ നിരത്തിലെത്തിച്ചിരിക്കുന്നത്.
രണ്ട് പതിറ്റാണ്ട് പിന്നിട്ട അപ്പാച്ചെ മോട്ടോർസൈക്കിൾ ശ്രേണി ഇന്ത്യയിലെ പെർഫോമൻസ് മോട്ടോർസൈക്ലിംഗ് വിഭാഗത്തിൽ മികച്ചൊരു ബ്രാൻഡായി രൂപപ്പെടുത്തി എടുക്കുന്നതിൽ കമ്പനി വിജയിച്ചു. അപ്പാച്ചെ ശ്രേണിയിൽ ഇതാദ്യമായാണ് ഒരു യുഎസ്ബി ചാർജിംഗ് പോർട്ടും ബൈക്കുകളിൽ ചേർത്തിരിക്കുന്നത്. വാർഷിക പതിപ്പുകളുടെ വില സ്റ്റാൻഡേർഡ് വേരിയന്റുകളേക്കാൾ കൂടുതലാണ്.
കൂടാതെ, അപ്പാച്ചെ ആർടിആർ 160 4V, 200 4V എന്നിവയുടെ നവീകരിച്ച ടോപ്പ്-സ്പെക്ക് വകഭേദങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട് . സുരക്ഷ, കണക്റ്റിവിറ്റി, റൈഡർ സൗകര്യം എന്നിവ ലക്ഷ്യമിട്ടുള്ള നിരവധി മെച്ചപ്പെടുത്തലുകൾ ഈ ട്രിമ്മുകളിൽ ഉൾപ്പെടുന്നു. രണ്ട് മോഡലുകളിലും ഇപ്പോൾ LED ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ക്ലാസ്-ഡി പ്രൊജക്ടർ ഹെഡ്ലാമ്പ് ഉണ്ട്. ഇത് അവയെ പൂർണ്ണമായും LED-സജ്ജമാക്കുന്നു. പുതിയ 5 ഇഞ്ച് TFT ഡിസ്പ്ലേ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ, വോയ്സ് അസിസ്റ്റ് ഫംഗ്ഷനുകൾ എന്നിവയും നൽകിയിട്ടുണ്ട്.
ആർടിആർ 200 4V-യിൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഡ്യുവൽ-ചാനൽ ABS, അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച് എന്നിവയും ഉൾപ്പെടുന്നു. രണ്ട് മോഡലുകളിലും ഒന്നിലധികം റൈഡ് മോഡുകൾ, ക്രമീകരിക്കാവുന്ന ബ്രേക്ക്, ക്ലച്ച് ലിവറുകൾ, റൈഡിബിലിറ്റി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള മറ്റ് സവിശേഷതകൾ എന്നിവയും കോർത്തിണക്കിയിരിക്കുന്നു. ആർടിആർ 160 4V ഏകദേശം 17 bhp പവർ നൽകും. അതേസമയം ആർടിആർ 200 4V ബജാജ് പൾസർ NS200, KTM ഡ്യൂക്ക് 200 എന്നിവയുമായി മത്സരിച്ച് ഏകദേശം 20 bhp കൂടുതൽ കരുത്തു നൽകും.